നിപയും കോവിഡുമൊക്കെ വരുന്നത് ഏത് സർക്കാരാണെന്ന് നോക്കിയല്ല;കെ.കെ. ശൈലജ

11 June 2026
നിപയും കോവിഡുമൊക്കെ വരുന്നത് ഏത് സർക്കാരാണെന്ന് നോക്കിയല്ല;കെ.കെ. ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്തെ നിപ ബാധയുടെ പശ്ചാത്തലത്തിൽ, കക്ഷിരാഷ്ട്രീയം നോക്കാതെ കൂട്ടായ പ്രതിരോധം തീർക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. നിപയും കോവിഡുമൊക്കെ വരുന്നത് ഏത് സർക്കാരാണെന്ന് നോക്കിയല്ല. വൈറസ് സമൂഹത്തിലുണ്ട്. പ്രത്യേക സാഹചര്യങ്ങളിൽ അവയുടെ ആധിക്യം ഉണ്ടാകുകയും മനുഷ്യരിലേക്ക് പകരുകയും അത് മരണകാരണമാകുകയും ചെയ്യും. ഈ സാഹചര്യത്തിൽ രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടതെന്നും, ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ ഒത്തൊരുമിച്ച് ഇടപെടുകയാണ് വേണ്ടതെന്നും അവർ പറഞ്ഞു.

നിലവിൽ ഒരു കേസ് വരുമ്പോൾ തന്നെ പ്രതിരോധിക്കാൻ നമ്മുടെ ആരോഗ്യരംഗം സജ്ജമാണെന്നും കൃത്യമായ പ്രോട്ടോക്കോൾ നിലവിലുണ്ടെന്നും പറഞ്ഞ ശൈലജ, രോഗബാധയിൽ വല്ലാതെ ഭയപ്പെടേണ്ട കാര്യമില്ലെങ്കിലും ജാഗ്രത കുറവുണ്ടാകരുതെന്നും വ്യക്തമാക്കി.രോഗം കൂടുതൽ ആളുകളിലേക്ക് പടരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പ്രതിരോധ മരുന്നുകൾ ഇല്ലെങ്കിൽ അവ മുൻകൂട്ടി സ്റ്റോക്ക് ചെയ്യണമെന്നും അവർ കൂട്ടിച്ചേർത്തു.

കാര്യങ്ങൾ മനസ്സിലാക്കാതെയുള്ള മുൻകാല പ്രതികരണങ്ങളെയും കെ. മുരളീധരന്റെ പ്രസ്താവനകളെയും ഇപ്പോൾ ഓർക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മുൻ ആരോഗ്യമന്ത്രി വ്യക്തമാക്കി.