സണ്ണി ജോസഫിന്റെ സ്പെഷൽ പ്രൈവറ്റ് സെക്രട്ടറിയായി ചന്ദ്രൻ തില്ലങ്കേരി ചുമതലയേൽക്കും

12 June 2026
സണ്ണി ജോസഫിന്റെ സ്പെഷൽ പ്രൈവറ്റ് സെക്രട്ടറിയായി ചന്ദ്രൻ തില്ലങ്കേരി ചുമതലയേൽക്കും

കണ്ണൂർ : വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സ്പെഷൽ പ്രൈവറ്റ് സെക്രട്ടറിയായി കോൺഗ്രസ് നേതാവ് ചന്ദ്രൻ തില്ലങ്കേരിയെ നിയമിക്കുന്നു. മന്ത്രിയുടെ സഹോദരി ഭർത്താവായ ബെന്നി തോമസിനെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന ശക്തമായ വിവാദങ്ങൾക്കൊടുവിലാണ് പുതിയ തീരുമാനം. വിവാദങ്ങളെ തുടർന്ന് ബെന്നി തോമസ് സ്വയം രാജിവച്ച് ഒഴിയുകയായിരുന്നു.

സിപിഎം മുൻപ് നടത്തിയ ബന്ധുനിയമനങ്ങൾക്കെതിരെ യുഡിഎഫ് വലിയ രീതിയിലുള്ള രാഷ്ട്രീയ പ്രചാരണങ്ങൾ നടത്തിവരുന്നതിനിടയിലാണ്, പുതിയ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയ ഉടൻ തന്നെ ഇത്തരമൊരു ആരോപണം ഉയർന്നത്. ഇത് മുന്നണിയെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിവാദങ്ങൾക്കൊടുവിൽ ബെന്നി തോമസിന്റെ രാജി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മട്ടന്നൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ചന്ദ്രൻ തില്ലങ്കേരി, കടുത്ത മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.