ഇനി ഒരേയൊരു ശിവസേന മാത്രം, അത് ഏക്നാഥ് ഷിന്ദേയുടേത്;അമിത് ഷാ

20 June 2026
ഇനി ഒരേയൊരു ശിവസേന മാത്രം, അത് ഏക്നാഥ് ഷിന്ദേയുടേത്;അമിത് ഷാ

മുംബൈ: മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിന്ദേ നയിക്കുന്നതാണ് യഥാർത്ഥ ശിവസേനയെന്നും, രണ്ട് വിഭാഗങ്ങൾ എന്ന സാഹചര്യം മാറി ഇപ്പോൾ ഒരേയൊരു ശിവസേന മാത്രമേ നിലവിലുള്ളൂവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോലാപുരിൽ നടന്ന നന്ദി പ്രകടന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് അമിത് ഷായുടെ ഈ നിർണായക പ്രസ്താവന.

‘ഓപ്പറേഷൻ ടൈഗർ’ (Operation Tiger) എന്ന പേരിൽ അറിയപ്പെടുന്ന നീക്കത്തിലൂടെ യുബിടി വിഭാഗത്തിലെ ആകെയുള്ള ഒൻപത് ലോക്‌സഭാ എംപിമാരിൽ ആറ് പേരെയും കൂട്ടത്തോടെ ഷിന്ദേ പക്ഷത്തേക്ക് എത്തിച്ചെന്ന ശക്തമായ അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. മഹാരാഷ്ട്രയിൽ ഉദ്ധവ് പക്ഷം കടുത്ത തകർച്ചയിലേക്കാണ് നീങ്ങുന്നതെന്ന് അമിത് ഷായുടെ വാക്കുകൾ അടിവരയിടുന്നു.

കഴിഞ്ഞ വ്യാഴാഴ്ച ഡൽഹിയിൽ ചേർന്ന ശിവസേന (യുബിടി) പാർലമെന്ററി പാർട്ടി യോഗത്തിൽ ഒൻപത് ലോക്‌സഭാ എംപിമാരിൽ മൂന്ന് പേർ മാത്രമാണ് പങ്കെടുത്തത് എന്നത് ഈ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.

ബാക്കിയുള്ള ആറ് എംപിമാരും യോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇതോടെ, പാർട്ടി യോഗങ്ങളിൽ നിന്ന് വിട്ടുനിന്ന എംപിമാർക്കെതിരെ ഉദ്ധവ് താക്കറെ വിഭാഗം അച്ചടക്ക നടപടികൾ ആരംഭിച്ചിരിക്കുകയാണ്.