ശ്വേതയ്‌ക്കെതിരെ ഗൂഢാലോചന, ചുക്കാൻ പിടിച്ചത് ആ നടി; എന്റെ പക്കൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങി: ‘അമ്മ’ വിട്ടശേഷം വെളിപ്പെടുത്തലുമായി മല്ലിക സുകുമാരൻ

22 June 2026
ശ്വേതയ്‌ക്കെതിരെ ഗൂഢാലോചന, ചുക്കാൻ പിടിച്ചത് ആ നടി; എന്റെ പക്കൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങി: ‘അമ്മ’ വിട്ടശേഷം വെളിപ്പെടുത്തലുമായി മല്ലിക സുകുമാരൻ

തിരുവനന്തപുരം: താരസംഘടനയായ ‘അമ്മ’യിലെ (AMMA) ആഭ്യന്തര തർക്കങ്ങളെത്തുടർന്ന് നടി മല്ലിക സുകുമാരൻ സംഘടനയിൽ നിന്നും രാജിവെച്ചു. നടി ശ്വേതാ മേനോന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് മല്ലിക സുകുമാരന്റെ രാജി.

ശ്വേതാ മേനോനെ സംഘടനയിൽ നിന്നും പുറത്താക്കാൻ കൃത്യമായ ഗൂഢാലോചന നടന്നതായും അതിന് ചുക്കാൻ പിടിച്ചത് നടി മാലാ പാർവതിയാണെന്നും മല്ലിക സുകുമാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

ശ്വേതയെ മാറ്റാനായുള്ള നീക്കങ്ങൾ 15 ദിവസം മുൻപേ തന്നെ ആരംഭിച്ചിരുന്നു. അവിശ്വാസ പ്രമേയത്തിനായി സംഘടനയ്ക്കുള്ളിൽ ഒപ്പ് ശേഖരണം വരെ നടന്നു. സിദ്ദിഖും രൺജി പണിക്കരും ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ അംഗങ്ങളെ വിളിച്ചതെന്ന് മാലാ പാർവതി തന്നെ തന്നോട് സമ്മതിച്ചിട്ടുണ്ടെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

മൈക്ക് നിഷേധിച്ചു; ബാബുരാജിനെതിരെ ഗുരുതര ആരോപണം

‘അമ്മ’ ജനറൽ ബോഡി യോഗത്തിൽ കണക്ക് അവതരിപ്പിക്കാത്തതുമയി ബന്ധപ്പെട്ടല്ല തർക്കങ്ങളുണ്ടായതെന്ന് മല്ലിക വ്യക്തമാക്കുന്നു. യോഗത്തിൽ വെച്ച് നടൻ ബാബുരാജ് ശ്വേതാ മേനോനെതിരെ ഗുരുതരമായ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

ബി.ജെ.പിക്ക് സ്ഥാനാർത്ഥികളെ ഒപ്പിച്ചു നൽകലാണ് ശ്വേതയുടെ ജോലിയെന്ന് ബാബുരാജ് ആരോപിച്ചതിന് പിന്നാലെയാണ് ശ്വേത രാജി പ്രഖ്യാപിച്ചതെന്നും മല്ലിക സുകുമാരൻ വെളിപ്പെടുത്തി.

“യോഗത്തിൽ ശ്വേതയെ അനുകൂലിച്ച് സംസാരിക്കാൻ ശ്രമിച്ചവർക്കെല്ലാം മൈക്ക് നിഷേധിക്കുന്ന സാഹചര്യമാണുണ്ടായത്. സംസാരിച്ചുകൊണ്ടിരുന്ന എന്റെ പക്കൽ നിന്ന് പോലും അവർ മൈക്ക് പിടിച്ചുവാങ്ങി. സംഘടനയിലെ ഈ അവസ്ഥ മാറാൻ മുതിർന്ന താരങ്ങൾ ഉടൻ തന്നെ ഇടപെടണം,” മല്ലിക സുകുമാരൻ ആവശ്യപ്പെട്ടു.