കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു

23 June 2026
കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു

ന്യൂഡൽഹി: കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ മന്ത്രിസ്ഥാനം രാജിവെച്ചു. അദ്ദേഹത്തിന്റെ രാജ്യസഭാ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് രാജി.രാഷ്ട്രപതി ദ്രൗപതി മുർമു ജോർജ് കുര്യന്റെ രാജി ഔദ്യോഗികമായി സ്വീകരിച്ചു.

മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്ന ജോർജ് കുര്യന്, ഇത്തവണ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേന്ദ്ര നേതൃത്വം വീണ്ടും സീറ്റ് നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് കാലാവധി അവസാനിച്ചയുടൻ അദ്ദേഹം മന്ത്രിസ്ഥാനം ഒഴിഞ്ഞത്.

മന്ത്രിസ്ഥാനം ഒഴിഞ്ഞ ജോർജ് കുര്യൻ ഇനി ബിജെപിയുടെ സജീവ സംഘടനാ പ്രവർത്തനങ്ങളിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. കേരളം കേന്ദ്രീകരിച്ച് സജീവമായി പ്രവർത്തിക്കാനുള്ള താല്പര്യം അദ്ദേഹം പാർട്ടി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

2024 ജൂൺ 9-നാണ് മൂന്നാം മോദി മന്ത്രിസഭയിൽ ജോർജ് കുര്യൻ കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ, ദേശീയ നിർവാഹക സമിതി അംഗം, പാർട്ടി വക്താവ് തുടങ്ങി നിരവധി സുപ്രധാന ചുമതലകൾ അദ്ദേഹം മുൻപ് വഹിച്ചിട്ടുണ്ട്.

ഒ. രാജഗോപാൽ കേന്ദ്രമന്ത്രിയായിരുന്ന കാലയളവിൽ അദ്ദേഹത്തിന്റെ OSD യായും ജോർജ് കുര്യൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്.