ഇന്ത്യയിൽ 13 ബില്യൺ ഡോളർ അധിക നിക്ഷേപത്തിനൊരുങ്ങി ആമസോൺ

25 June 2026
ഇന്ത്യയിൽ 13 ബില്യൺ ഡോളർ അധിക നിക്ഷേപത്തിനൊരുങ്ങി ആമസോൺ

ന്യൂഡൽഹി: ഇന്ത്യയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ മേഖലകളുടെ വികസനത്തിനായി 13 ബില്യൺ ഡോളർ അധികമായി നിക്ഷേപിക്കാൻ ഒരുങ്ങി പ്രമുഖ ആഗോള ഇ-കൊമേഴ്‌സ് ഭീമന്മാരായ ആമസോൺ.

2030ഓടെ ഈ ലക്ഷ്യം കൈവരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 35 ബില്യൺ ഡോളറിന്റെ ഫണ്ടിങ്ങിന് പുറമേയാണിത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആമസോൺ സി.ഇ.ഒ. ആൻഡി ജാസിയും ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഈ നിർണായക പ്രഖ്യാപനം പുറത്തുവന്നത്.

വരുന്ന അഞ്ചുവർഷത്തിനുള്ളിൽ ഇന്ത്യയിൽ 48 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്നും, അതിൽ 21 ബില്യൺ ഡോളറിലധികം എ.ഐ, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ രംഗത്ത് മാത്രമായി ഉപയോഗപ്പെടുത്തുമെന്നും ആൻഡി ജാസി സാമൂഹികമാധ്യമമായ എക്‌സിൽ (X) കുറിച്ചു.