റെക്കോർഡുകൾ തിരുത്താൻ ‘ബാഹുബലി 3’ വരുന്നു? വൻ സൂചന നൽകി പ്രഭാസും റാണയും അനുഷ്‌കയും!

26 June 2026
റെക്കോർഡുകൾ തിരുത്താൻ ‘ബാഹുബലി 3’ വരുന്നു? വൻ സൂചന നൽകി പ്രഭാസും റാണയും അനുഷ്‌കയും!

ഇന്ത്യൻ സിനിമാ ചരിത്രത്തെത്തന്നെ മാറ്റിമറിച്ച ‘ബാഹുബലി’ക്ക് മൂന്നാം ഭാഗം ഒരുങ്ങുന്നതായി സൂചന. ചിത്രത്തിലെ പ്രധാന താരങ്ങളായ പ്രഭാസ്, റാണ ദഗുബാട്ടി, അനുഷ്ക ഷെട്ടി എന്നിവർ തന്നെയാണ് ബാഹുബലിയുടെ മൂന്നാം വരവിനെക്കുറിച്ചുള്ള സൂചനകൾ പങ്കുവെച്ചിരിക്കുന്നത്. ഇതോടെ സോഷ്യൽ മീഡിയയിൽ ‘ബാഹുബലി 3’ സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായി.

നെറ്റ്ഫ്ലിക്സ് (Netflix) പുറത്തിറക്കിയ ‘ബാഹുബലി: ദ് ടോർച്ച്ബെയറർ’ എന്ന ഡോക്യുമെന്ററിയുടെ അവസാന ഭാഗമാണ് ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്. ഡോക്യുമെന്ററിയുടെ ഒടുവിൽ റാണയും പ്രഭാസും അനുഷ്കയും ചേർന്ന് ചിത്രത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്.

“ലോകം ഇതുവരെ തയാറായിട്ടില്ലായിരിക്കാം, പക്ഷേ ബാഹുബലി വരും” എന്ന് റാണ ദഗുബാട്ടി പറയുമ്പോൾ, നിറഞ്ഞ ചിരിയോടെ പ്രഭാസ് തന്റെ മൂന്ന് വിരലുകൾ ഉയർത്തി കാണിക്കുന്നുണ്ട്. ഒപ്പം അനുഷ്കയും ബാഹുബലിയെക്കുറിച്ച് സംസാരിക്കുന്നതോടെയാണ് ഡോക്യുമെന്ററി അവസാനിക്കുന്നത്. ഈ രംഗം പുറത്തുവന്നതോടെ രാജമൗലി ചിത്രം വീണ്ടുമെത്തുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.

പ്രഭാസിനെ ആഗോളതലത്തിൽ മുൻനിര നായകനാക്കി മാറ്റിയ ബാഹുബലി സീരീസ് എല്ലാ ഭാഷകളിലും കളക്ഷൻ റെക്കോർഡുകൾ തകർത്തിരുന്നു. അതേസമയം, ബാഹുബലി ഫ്രാഞ്ചൈസിയിൽ നിന്നുള്ള ‘ബാഹുബലി ദി എറ്റേർണൽ വാർ’ എന്ന അനിമേഷൻ സിനിമയും ഉടൻ പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. ഇതിനിടയിലാണ് യഥാർത്ഥ ചിത്രത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ശക്തമാകുന്നത്.