‘കലാച്ചി-സിൻ’ വിവാദം: ഹരിത സാവിത്രിക്ക് വക്കീൽ നോട്ടീസ് അയച്ച് കെ.ആർ മീര

27 June 2026
‘കലാച്ചി-സിൻ’ വിവാദം: ഹരിത സാവിത്രിക്ക് വക്കീൽ നോട്ടീസ് അയച്ച് കെ.ആർ മീര

കൊച്ചി: ‘കലാച്ചി’, ‘സിൻ’ എന്നീ നോവലുകളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സാഹിത്യ വിവാദത്തിൽ എഴുത്തുകാരി ഹരിത സാവിത്രിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്രശസ്ത എഴുത്തുകാരി കെ.ആർ മീര. ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ.ആർ മീര തന്നെയാണ് ഈ വിവരം പരസ്യമാക്കിയത്.

ഹരിത സാവിത്രി ഉന്നയിച്ച ആരോപണങ്ങളും ആക്ഷേപങ്ങളും സമൂഹമധ്യത്തിൽ തനിക്ക് വലിയ തോതിൽ അവമതിപ്പ് ഉണ്ടാക്കിയതായി ബോധ്യപ്പെട്ടതിനാലാണ് ഈ നടപടിയെന്ന് അവർ വ്യക്തമാക്കി.

നിയമനടപടികളിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് അഭിഭാഷകൻ മുഖേന ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുന്നത്.

നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്ന കാര്യങ്ങൾ നിശ്ചിത സമയത്തിനകം ഹരിത സാവിത്രി നടപ്പിലാക്കാത്ത പക്ഷം, നീതിക്കായി കോടതിയെ സമീപിക്കുമെന്നും കെ.ആർ മീര അറിയിച്ചു. ലീഗൽ നോട്ടീസിനുള്ള ഹരിതയുടെ മറുപടി ലഭിച്ച ശേഷം ബാക്കി വിവരങ്ങൾ പങ്കുവെക്കാമെന്നും അവർ കൂട്ടിച്ചേർത്തു.

വിവാദ പശ്ചാത്തലം:

ഹരിത സാവിത്രിയുടെ ‘കലാച്ചി’ എന്ന നോവലിലെ ചില ഭാഗങ്ങളും കെ.ആർ മീരയുടെ ‘സിൻ’ എന്ന നോവലിലെ ഉള്ളടക്കവും തമ്മിലുള്ള സാദൃശ്യങ്ങളെച്ചൊല്ലിയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലും സാഹിത്യ ലോകത്തും വലിയ രീതിയിലുള്ള ചർച്ചകളും വിവാദങ്ങളും ഉയർന്നുവന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിഷയം നിയമപോരാട്ടത്തിലേക്ക് നീങ്ങുന്നത്.