രാമക്ഷേത്ര ഭണ്ഡാരക്കൊള്ള: വൻ അഴിമതിയെന്ന് പ്രിയങ്ക ഗാന്ധി

27 June 2026
രാമക്ഷേത്ര ഭണ്ഡാരക്കൊള്ള: വൻ അഴിമതിയെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ ഭണ്ഡാരക്കൊള്ളയിൽ കടുത്ത വിമർശനവുമായി കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി.

ലക്ഷക്കണക്കിന് മനുഷ്യരുടെ പവിത്രമായ വികാരമാണ് ശ്രീരാമൻ എന്ന് പ്രിയങ്ക ഗാന്ധി. അത്യന്തം ഭക്തിയോടും വിശ്വാസത്തോടും കൂടിയാണ് സാധാരണക്കാർ ക്ഷേത്രത്തിലേക്ക് പണം നൽകിയത്.

വളരെ പാവപ്പെട്ട സ്ത്രീകളടക്കം തങ്ങളുടെ സമ്പാദ്യത്തിൽ നിന്ന് നൽകിയ സംഭാവനയാണ് ഇപ്പോൾ മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈ കൊള്ള രാജ്യത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണെന്നും, മോഷണം നടത്തിയവർ ചെയ്തത് വലിയ പാപമാണെന്നും അവർ കൂട്ടിച്ചേർത്തു.

ക്ഷേത്രത്തിലെ താഴെത്തട്ടിലുള്ള ജീവനക്കാർക്ക് മാത്രമായി ഇത്രയും വലിയ തട്ടിപ്പ് നടത്താനാകില്ലെന്ന സംശയവും പ്രിയങ്ക ഗാന്ധി പ്രകടിപ്പിച്ചു.

വഴിപാട് പണത്തിൽ കൃത്രിമം കാണിച്ച സംഭവത്തിൽ അടിയന്തരവും സുതാര്യവുമായ അന്വേഷണം വേണമെന്നും, കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.