കുരുന്നുകളോട് ക്രൂരത: ഡേകെയറിൽ പിഞ്ചുകുഞ്ഞുങ്ങളെ വാഷിങ് മെഷീനിലിട്ടും ജെറ്റ് സ്പ്രേ അടിച്ചും പീഡിപ്പിച്ചു; 5 ആയമാർക്കെതിരെ കേസ്

2 July 2026
കുരുന്നുകളോട് ക്രൂരത:  ഡേകെയറിൽ പിഞ്ചുകുഞ്ഞുങ്ങളെ വാഷിങ് മെഷീനിലിട്ടും ജെറ്റ് സ്പ്രേ അടിച്ചും പീഡിപ്പിച്ചു; 5 ആയമാർക്കെതിരെ കേസ്

ബെംഗളൂരു: സദാസമയവും മാതാപിതാക്കളുടെ തണലും പരിചരണവും ആവശ്യമുള്ള പിഞ്ചുകുഞ്ഞുങ്ങളോട് ഡേകെയർ സെന്ററിൽ അതിക്രൂരമായ പീഡനം. ബെംഗളൂരു ബ്രൂക്ക്ഫീൽഡിലെ ‘കേപ്പ് ജമിനി’ എന്ന ഡേകെയർ സെന്ററിലാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്.

കരയുന്ന കുട്ടികളെ ശിക്ഷിക്കാൻ ഫ്രണ്ട് ലോഡ് വാഷിങ് മെഷീന്റെ ഉള്ളിൽ അടച്ചിടുകയും, ടോയ്‌ലറ്റിലെ ജെറ്റ് സ്പ്രേ ഉപയോഗിച്ച് വായിലേക്ക് നിർബന്ധപൂർവ്വം വെള്ളം ചീറ്റിക്കുകയും ചെയ്തതായാണ് വിവരം.

കുട്ടികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ പോലീസ് ശക്തമായ നടപടിയ സ്വീകരിച്ചു. ഡേകെയറിലെ അഞ്ച് വനിതാ ജീവനക്കാർക്കെതിരെ (ആയമാർ) പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഇന്ന് രാവിലെ ഹാജരാകാൻ ഇവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

പരാതി നൽകിയ മാതാപിതാക്കൾ, ഡേകെയറിലെ മറ്റ് ജീവനക്കാർ, ദൃക്‌സാക്ഷികൾ എന്നിവരുടെ മൊഴികൾ പോലീസ് നിലവിൽ രേഖപ്പെടുത്തി വരികയാണ്. ലഭ്യമാകുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാകും തുടർന്നുള്ള കർശന നിയമനടപടികൾ സ്വീകരിക്കുക. കൂടാതെ, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ എപ്പോൾ ചിത്രീകരിച്ചതാണെന്ന കാര്യത്തിലും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.