ബിജെപിയിൽ ദേശീയ പുനഃസംഘടന അണിയറയിൽ; കെ. സുരേന്ദ്രനും അനൂപ് ആന്റണിക്കും ദേശീയ ചുമതല ലഭിച്ചേക്കും

5 July 2026
ബിജെപിയിൽ ദേശീയ പുനഃസംഘടന അണിയറയിൽ; കെ. സുരേന്ദ്രനും അനൂപ് ആന്റണിക്കും ദേശീയ ചുമതല ലഭിച്ചേക്കും

ഡൽഹി: ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ദേശീയ തലത്തിൽ വൻ സംഘടനാ അഴിച്ചുപണിക്ക് സാധ്യതയേറുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ മൂന്ന് മണിക്കൂറിലധികം നീണ്ട നിർണായക ചർച്ച നടത്തിയതോടെയാണ് പുനഃസംഘടന സംബന്ധിച്ച വാർത്തകൾ സജീവമായത്. കേരളത്തിൽ നിന്നുള്ള നേതാക്കളുടെ സംഘടനാ ചുമതലകളിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള സൂചന.

മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, യുവനേതാവ് അനൂപ് ആന്റണി എന്നിവരെ ബിജെപിയുടെ ദേശീയ നേതൃനിരയിലേക്ക് പരിഗണിക്കുന്നതായാണ് വിവരം. കെ. സുരേന്ദ്രന് ദേശീയ തലത്തിൽ പ്രധാനപ്പെട്ട സംഘടനാ ചുമതല ലഭിക്കുമോ എന്ന കാര്യത്തിൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ആകാംക്ഷ ശക്തമാണ്.

ഇതോടൊപ്പം അടുത്തിടെ കേന്ദ്രമന്ത്രി സ്ഥാനം ഒഴിഞ്ഞ ജോർജ് കുര്യന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചും പാർട്ടി വൈകാതെ അന്തിമ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. വരും ദിവസങ്ങളിൽ തന്നെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.