തിരുവനന്തപുരം: ആര്യനാട് പൊലീസ് സ്റ്റേഷനിൽ മദ്യപിച്ചെത്തി പരസ്യപരാക്രമം നടത്തുകയും സിഐയെ അക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത യൂട്യൂബർ പിടിയിൽ. ആര്യനാട് സ്വദേശിയായ യദുകൃഷ്ണനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആര്യനാട് സിഐ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസമാണ് സ്റ്റേഷനെ ഭീതിയിലാഴ്ത്തിയ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കയ്യിൽ മദ്യക്കുപ്പിയുമായി സ്റ്റേഷനിലേക്ക് കയറിവന്ന യദു, പൊലീസുകാരോട് മോശമായി പെരുമാറുകയും സ്റ്റേഷനകത്ത് വെച്ച് മദ്യക്കുപ്പി അടിച്ചുപൊട്ടിക്കുകയുമായിരുന്നു. ഇയാളെ തടയാൻ പൊലീസുകാർ ശ്രമിച്ചതോടെ പ്രതി സ്റ്റേഷന് തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് ഓടിക്കയറി.
പിന്നാലെ ഓടിയെത്തിയ സിഐയെ ആശുപത്രിയിലുണ്ടായിരുന്ന ഇരുമ്പ് കസേരയെടുത്ത് യദുകൃഷ്ണൻ തലയ്ക്കടിക്കുകയായിരുന്നു. സിഐയെ വീഴ്ത്തിയ ശേഷം കടന്നുകളയാൻ ശ്രമിച്ച പ്രതിയെ മറ്റ് പൊലീസുകാർ ചേർന്നാണ് കീഴ്പ്പെടുത്തിയത്. ഇയാൾക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കൊലപാതക ശ്രമത്തിനും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.

