പൊലീസ് വെബ്‌സൈറ്റിന് നേരെ മാൽവെയർ ആക്രമണ ശ്രമം; ഫയലുകൾ പൂർണ്ണമായും സുരക്ഷിതമെന്ന് സൈബർ ഡിവിഷൻ

9 July 2026
പൊലീസ് വെബ്‌സൈറ്റിന് നേരെ മാൽവെയർ ആക്രമണ ശ്രമം; ഫയലുകൾ പൂർണ്ണമായും സുരക്ഷിതമെന്ന് സൈബർ ഡിവിഷൻ

തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ ഔദ്യോഗിക ഓൺലൈൻ ഫയൽ നീക്ക സംവിധാനമായ ‘അയാപ്സ്’ (iAPS) സോഫ്റ്റ്‌വെയറിന് നേരെ സൈബർ ആക്രമണ ശ്രമം.

മാൽവെയർ ആക്രമണത്തെ തുടർന്ന് വെബ്‌സൈറ്റിന്റെ പ്രവർത്തനം അൽപ്പസമയത്തേക്ക് തടസ്സപ്പെട്ടെങ്കിലും, സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയും സേവനങ്ങൾ പൂർണ്ണമായി പുനഃസ്ഥാപിക്കുകയും ചെയ്തു.

ചുരുങ്ങിയ സമയത്തേക്ക് ഫയൽ നീക്കം തടസ്സപ്പെട്ടു എന്നതൊഴിച്ചാൽ മറ്റ് സുരക്ഷാ വീഴ്ചകളോ വിവരച്ചോർച്ചയോ ഉണ്ടായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

വെബ്‌സൈറ്റിലെ ഫയലുകളും അതിലെ വിവരങ്ങളും പൂർണ്ണമായും സുരക്ഷിതമാണ്. വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും, അതിനുള്ള ശ്രമമാണ് നടന്നതെന്നും സൈബർ ഡിവിഷൻ സ്ഥിരീകരിച്ചു.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സൈബർ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കിയതായും അധികൃതർ അറിയിച്ചു.