ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികനെ കാണാതായി. കപ്പലിലുണ്ടായിരുന്ന മറ്റ് പത്ത് ഇന്ത്യക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായാണ് വിവരം.
സൈപ്രസ് പതാകയുള്ള ‘ജിഎഫ്എക്‌സ് ഗാലക്‌സി’ (GFX Galaxy) എന്ന ചരക്കുകപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ആകെ 11 ഇന്ത്യൻ ജീവനക്കാരായിരുന്നു ഈ കപ്പലിൽ ഉണ്ടായിരുന്നത്.
സംഭവത്തെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ശക്തമായി അപലപിച്ചു. ഒമാനിലെ ഇന്ത്യൻ എംബസി സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും, ഒമാൻ അധികാരികളുമായി ചേർന്ന് കാണാതായ നാവികനായുള്ള രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരികയാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
പ്രതിസന്ധി ഘട്ടത്തിൽ ഒമാൻ സർക്കാർ നൽകുന്ന സഹകരണത്തിന് നന്ദി അറിയിക്കുന്നതായും മന്ത്രാലയം ഔദ്യോഗികമായി സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

