റിയാദ്: സൗദി അറേബ്യയിൽ ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികളുടെ ഇഖാമ (താമസരേഖ) ചുരുങ്ങിയത് മൂന്ന് മാസത്തേക്ക് പുതുക്കാനുള്ള സംവിധാനം പ്രാബല്യത്തിൽ വന്നു.
സൗദി പാസ്പോർട്ട് ഡയറക്ടറേറ്റാണ് (ജവാസത്ത്) രാജ്യത്തെ പ്രവാസി റിക്രൂട്ട്മെൻറ് പ്ലാറ്റ്ഫോമായ ‘മുസാനിദ്’ (Musaned)-മായി സഹകരിച്ച് ഈ പുതിയ സേവനം ആരംഭിച്ചത്.
രാജ്യത്തെ മറ്റ് പ്രൊഫഷനുകളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ഇഖാമ 3, 6, 9 മാസങ്ങൾ അല്ലെങ്കിൽ ഒരു വർഷത്തേക്ക് പുതുക്കാനുള്ള സൗകര്യം മുൻപ് തന്നെ ലഭ്യമായിരുന്നു. എന്നാൽ ഗാർഹിക തൊഴിലാളികൾക്ക് ഈ ആനുകൂല്യം ലഭിച്ചിരുന്നില്ല. പുതിയ പരിഷ്കരണത്തോടെ ഈ വ്യത്യാസമാണ് അവസാനിക്കുന്നത്.
ഇതുവരെ ഗാർഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കാൻ ഒരു വർഷത്തേക്ക് ഒരുമിച്ച് 650 റിയാൽ അടയ്ക്കണമായിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം, തൊഴിലുടമകൾക്ക് ആവശ്യാനുസരണം കുറഞ്ഞ കാലയളവ് തിരഞ്ഞെടുക്കാം.
162.50 റിയാൽ മുസാനിദ് പ്ലാറ്റ്ഫോം വഴി തൊഴിലുടമകൾക്ക് വളരെ എളുപ്പത്തിൽ ഈ സേവനം പ്രയോജനപ്പെടുത്താം. ഒന്നിച്ച് വലിയ തുക അടയ്ക്കേണ്ടതില്ലാത്തതിനാൽ സ്പോൺസർമാർക്കും തൊഴിലാളികൾക്കും ഒരുപോലെ സാമ്പത്തിക ആശ്വാസം നൽകുന്നതാണ് ഈ നടപടി.

