സിനിമ ചിത്രീകരണത്തിനിടെ നടൻ നന്ദമൂരി ബാലകൃഷ്ണയ്ക്ക് പരിക്ക്; ശസ്ത്രക്രിയ നിർദേശിച്ച് ഡോക്ടർമാർ

22 July 2026
സിനിമ ചിത്രീകരണത്തിനിടെ നടൻ നന്ദമൂരി ബാലകൃഷ്ണയ്ക്ക് പരിക്ക്; ശസ്ത്രക്രിയ നിർദേശിച്ച് ഡോക്ടർമാർ

കാക്കിനട: പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയ്ക്ക് (ബാലയ്യ) പരിക്കേറ്റു. കാക്കിനടയിൽ നടൻ മഞ്ചു മനോജിനൊപ്പമുള്ള സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ഡ്യൂപ്പില്ലാതെ സാഹസികമായ സംഘട്ടന രംഗം സ്വയം ചെയ്യുന്നതിനിടയിൽ കാലുതെറ്റി വീഴുകയായിരുന്നു.

അപകടത്തിന് പിന്നാലെ ചിത്രീകരണം താത്കാലികമായി നിർത്തിവെച്ച് അദ്ദേഹത്തെ കാക്കിനടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ കാലിലെ പേശികൾക്ക് ക്ഷതമേറ്റതായി കണ്ടെത്തിയിട്ടുണ്ട്.

തുടർന്ന്, ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തുമെന്ന് സിനിമയുടെ അണിയറപ്രവർത്തകർ പ്രസ്താവനയിലൂടെ അറിയിച്ചു.

ഇത് സാധാരണ രീതിയിലുള്ള ശസ്ത്രക്രിയ മാത്രമാണെന്നും ആരാധകർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അവർ വ്യക്തമാക്കി.

ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടർമാർ നിർദേശിക്കുന്ന ചില ദിവസങ്ങളിലെ വിശ്രമത്തിന് ശേഷം താരം വീണ്ടും ഷൂട്ടിങ് ലൊക്കേഷനിലേക്ക് തിരിച്ചെത്തും.

ഗോപീചന്ദ് മലിനേനി സംവിധാനം ചെയ്യുന്ന, താത്കാലികമായി ‘എൻബികെ 111’ (NBK 111) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണമാണ് നിലവിൽ കാക്കിനട തുറമുഖത്തും പരിസരപ്രദേശങ്ങളിലുമായി നടക്കുന്നത്.