ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് എകെജി ഭവനിൽ; യൂണിഫോമില്ലാത്തതിനെ ചോദ്യം ചെയ്ത് പാർട്ടി നേതാക്കൾ

28 July 2026
ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് എകെജി ഭവനിൽ; യൂണിഫോമില്ലാത്തതിനെ ചോദ്യം ചെയ്ത് പാർട്ടി നേതാക്കൾ

ന്യൂഡൽഹി: എസ്എഫ്ഐ ഡൽഹി സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യുന്നതിനായി ഡൽഹി പൊലീസ് എകെജി ഭവനിൽ. പൊലീസിന്റെ അപ്രതീക്ഷിത നീക്കം സ്ഥലത്ത് വലിയ രാഷ്ട്രീയ നാടകീയതയ്ക്കും പ്രതിഷേധത്തിനും വഴിവെച്ചു. ദില്ലിയിലെ വിദ്യാർത്ഥി പ്രതിഷേധത്തിൽ സജീവ സാന്നിധ്യമായിരുന്നു ഐഷി.

യൂണിഫോമോ നെയിം പ്ലേറ്റോ ഇല്ലാതെയാണ് പൊലീസുകാർ പാർട്ടി ഓഫിസിലെത്തിയത്. അനുവാദം വാങ്ങാതെ രാഷ്ട്രീയ പാർട്ടികളുടെ ഓഫിസിനുള്ളിൽ പ്രവേശിക്കാൻ പൊലീസിനാകില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി മാധ്യമങ്ങളോട് പറഞ്ഞു. യൂണിഫോം ഇല്ലാതെ വന്നതിനെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ ‘മഴ കാരണമാണ് യൂണിഫോം ധരിക്കാതിരുന്നത്’ എന്ന വിചിത്രമായ മറുപടിയാണ് ഉദ്യോഗസ്ഥർ നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎം നേതാക്കളും പ്രവർത്തകരും ശക്തമായി ചോദ്യം ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്തതോടെ വനിതാ പൊലീസുകാർ മടങ്ങി.

2021-ൽ ബംഗ്ല ഭവനു മുന്നിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് ഈ അറസ്റ്റ് നീക്കമെന്ന് എസ്എഫ്ഐ നേതാക്കൾ അറിയിച്ചു. കേസ് വരുംദിവസം കോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഇത്തരം ഒരു നീക്കമുണ്ടായിരിക്കുന്നത്.