കൊച്ചി: പയ്യന്നൂർ നിയോജക മണ്ഡലത്തിലെ വി. കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടി.ഐ. മധുസൂധനൻ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചും വ്യാജ പ്രചാരണം നടത്തിയുമാണ് കുഞ്ഞികൃഷ്ണൻ വിജയിച്ചതെന്ന് ഹർജിയിൽ ആരോപിക്കുന്നു.
തനിക്കെതിരെ ‘രക്തസാക്ഷി ഫണ്ട് കള്ളൻ’ എന്ന് യാതൊരു രേഖകളുടെയോ തെളിവുകളുടെയോ പിൻബലമില്ലാതെ തെറ്റായ ആരോപണം ഉന്നയിച്ചാണ് പ്രചാരണം നടത്തിയത്. തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിലൂടെ പൊതുജന മധ്യത്തിൽ താൻ കളങ്കിതനാണെന്ന് വരുത്തിതീർക്കാനും വോട്ടർമാരെ സ്വാധീനിക്കാനും ശ്രമമുണ്ടായി. ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളാണ് കുഞ്ഞികൃഷ്ണന്റെ വിജയത്തിന് വഴിവെച്ചതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, സമർപ്പിച്ച ഹർജിയിൽ ചില സാങ്കേതിക പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന് അവ തിരുത്തി വീണ്ടും സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഹർജിയിലെ പിഴവുകൾ പരിഹരിച്ച ശേഷം വിഷയം അടുത്ത ആഴ്ച കോടതി വീണ്ടും പരിഗണിക്കും.

