രാജ്യത്ത് പ്ലാസ്റ്റിക് കറൻസി അടുത്ത സാമ്പത്തിക വർഷം

6 August 2026
രാജ്യത്ത് പ്ലാസ്റ്റിക് കറൻസി അടുത്ത സാമ്പത്തിക വർഷം

മുംബൈ: രാജ്യത്ത് പ്ലാസ്റ്റിക് (പോളിമർ) കറൻസികൾ അടുത്ത സാമ്പത്തിക വർഷത്തിന്റെ തുടക്കത്തോടെ വിപണിയിലിറക്കാൻ ലക്ഷ്യമിടുന്നതായി റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര അറിയിച്ചു. ആദ്യ ഘട്ടത്തിൽ 10, 20 രൂപയുടെ നോട്ടുകളാണ് പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കുക.

കറൻസി അച്ചടിക്കുന്നതിന് ആവശ്യമായ പോളിമർ ലഭ്യമാക്കുന്നതിനായി ഇതിനകം ടെൻഡർ ക്ഷണിച്ചിട്ടുണ്ടെന്ന് ആർ.ബി.ഐ വ്യക്തമാക്കി.

ടെൻഡർ നടപടികൾ പൂർത്തിയായ ശേഷം ലഭിക്കുന്ന വസ്തുക്കളുടെ ഗുണമേന്മയും സുരക്ഷാ ഫീച്ചറുകളും വിശദമായി പരിശോധിക്കും. ഇതിനുശേഷമേ നോട്ടുകളിൽ ഉൾപ്പെടുത്തേണ്ട സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കൂ.

നിലവിൽ ഉപയോഗിക്കുന്ന പേപ്പർ കറൻസികളെ അപേക്ഷിച്ച് പോളിമർ നോട്ടുകൾക്ക് ആയുസ്സ് കൂടുതലാണ്. കഴിഞ്ഞ 30 വർഷത്തോളമായി ലോകത്തിലെ വിവിധ രാജ്യങ്ങൾ പ്ലാസ്റ്റിക് കറൻസി വിജയികരമായി ഉപയോഗിച്ചു വരുന്നുണ്ട്. ഇത് പേപ്പർ നോട്ടുകളേക്കാൾ കൂടുതൽ ഈടുനിൽക്കുമെന്ന് തെളിഞ്ഞിട്ടുള്ളതാണ്.

പുതിയ കറൻസികൾ വരുന്നതോടെ രാജ്യത്തെ നിലവിലെ പേയ്‌മെന്റ് സംവിധാനങ്ങളുടെ ശേഷിയും സവിശേഷതകളും കൂടുതൽ വികസിപ്പിക്കേണ്ടതുണ്ടെന്നും തീരുമാനങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.