ന്യൂഡൽഹി: കേന്ദ്ര ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൽ വീണ്ടും ഉന്നതതല ഉദ്യോഗസ്ഥ അഴിച്ചുപണി. മുൻപ് പ്രഖ്യാപിച്ച നരേഷ് പാൽ ഗംഗ്വാറിന്റെ നിയമനം മരവിപ്പിച്ച്, ദീപ്തി ഗൗർ മുഖർജിയെ പുതിയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി കേന്ദ്ര സർക്കാർ നിയമിച്ചു.
ജൂലൈ 23-ന് പുറപ്പെടുവിച്ച ഉത്തരവിൽ ഭാഗികമായി മാറ്റങ്ങൾ വരുത്തിക്കൊണ്ട്, കാബിനറ്റ് നിയമന കമ്മിറ്റിയുടെ അംഗീകാരത്തോടെ പേഴ്സണൽ മന്ത്രാലയമാണ് പുതിയ ഉത്തരവിറക്കിയത്.
1993 ബാച്ച് മധ്യപ്രദേശ് കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥയായ ദീപ്തി ഗൗർ മുഖർജി നിലവിൽ കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
നരേഷ് പാൽ ഗംഗ്വാറിനെ മുൻപ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി പ്രഖ്യാപിച്ച് മൂന്നാഴ്ച തികയുന്നതിന് മുൻപാണ് പുതിയ മാറ്റം. ഗംഗ്വാറിന്റെ കുടുംബത്തിന് സാമ്പത്തിക സബ്സിഡികൾ ലഭിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് നിയമനം മരവിപ്പിക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.

