തൃക്കരിപ്പൂരിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; വീടിന്റെ ഉൾഭാഗം കത്തിനശിച്ചു, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

11 August 2026
തൃക്കരിപ്പൂരിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; വീടിന്റെ ഉൾഭാഗം കത്തിനശിച്ചു, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തൃക്കരിപ്പൂർ: ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് വീടിന് കനത്ത നാശനഷ്ടം. തൃക്കരിപ്പൂർ ബീരിച്ചേരി കൂലേരിയിലെ കെ.പി. നിസാറിന്റെ വീട്ടിലാണ് അപകടമുണ്ടായത്. വീട്ടിലുണ്ടായിരുന്നവർ സമയോചിതമായി പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തവും ആളപായവും ഒഴിവായി.

ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു സംഭവം. പാചകത്തിനിടെ ഗ്യാസ് ലീക്കാവുകയും തുടർന്ന് തീ പടർന്നുപിടിച്ച് സിലിണ്ടർ പൊട്ടിത്തെറിക്കുകയുമായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന്റെ ഉൾവശം പൂർണ്ണമായും തകർന്നു. ഫർണിച്ചറുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങി വീടിനുള്ളിലുണ്ടായിരുന്ന സാധനസാമഗ്രികളെല്ലാം കത്തിച്ചാമ്പലായി.

തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വീട്ടുകാർ

അപകടസമയത്ത് സ്ത്രീകളും കുട്ടികളും അടക്കം നാലുപേർ വീട്ടിലുണ്ടായിരുന്നു. ഗ്യാസ് ലീക്കായി തീ ആളിപ്പടരുന്നത് കണ്ടയുടൻ ഇവർ പുറത്തേക്ക് ഓടിയതിനാലാണ് ജീവഹാനി ഒഴിവായത്. ഇവർ പുറത്തിറങ്ങി നിമിഷങ്ങൾക്കകമായിരുന്നു സിലിണ്ടർ പൊട്ടിത്തെറിച്ചത്.

വിവരമറിഞ്ഞ് തൃക്കരിപ്പൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം ഏറെ പരിശ്രമിച്ചാണ് തീയണച്ചത്.