തിരുവനന്തപുരം: ഓണാവധിക്കാലത്തെ കടുത്ത യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ഓണത്തിന് ഒരാഴ്ച മുൻപ് നാട്ടിലെത്താൻ പദ്ധതിയിടുന്ന മലയാളി യാത്രക്കാർക്ക്, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ ഉള്ളവർക്ക് വലിയ ആശ്വാസമാകുന്നതാണ് ഈ തീരുമാനം. സ്പെഷ്യൽ ട്രെയിനിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഇന്ന് രാവിലെ എട്ട് മണി മുതൽ ആരംഭിച്ചു.
ഓഗസ്റ്റ് 20 വ്യാഴാഴ്ച രാത്രി 10:30-ന് ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം (ഓഗസ്റ്റ് 21 വെള്ളിയാഴ്ച) ഉച്ചയ്ക്ക് 12:50-ന് കണ്ണൂരിൽ എത്തിച്ചേരും.
ഓഗസ്റ്റ് 21 വെള്ളിയാഴ്ച വൈകിട്ട് 4:10-ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന മടക്ക സർവീസ് ഓഗസ്റ്റ് 22 ശനിയാഴ്ച രാവിലെ 6:00-മണിക്ക് ബെംഗളൂരു കന്റോൺമെന്റിൽ എത്തിച്ചേരും.
കെ.ആർ. പുരം, ബംഗരപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോഡാനൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, പരപ്പനങ്ങാടി, കോഴിക്കോട്, വടകര, തലശേരി എന്നീ സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പുണ്ടായിരിക്കും.

