72 ടൂറിസ്റ്റ് ബസുകൾക്ക് MVD പൂട്ടിട്ടു, പിഴ ഒരു കോടി

16 August 2026
72 ടൂറിസ്റ്റ് ബസുകൾക്ക് MVD പൂട്ടിട്ടു, പിഴ ഒരു കോടി

എറണാകുളം: കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരെ മോട്ടോർ വാഹനവകുപ്പ് (എം.വി.ഡി) വ്യാപക നടപടി ആരംഭിച്ചു. ഒൻപത് സ്‌ക്വാഡുകളായി തിരിഞ്ഞ് നടത്തിയ മിന്നൽ പരിശോധനയിൽ 72 വാഹന ഉടമകളുടെ പേരിൽ കേസെടുത്തു. നികുതി കുടിശ്ശികയിനത്തിൽ ഒരു കോടിയിലധികം രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഈ വാഹനങ്ങൾക്ക് ഉദ്യോഗസ്ഥർ നോട്ടീസ് അയച്ചു.

കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നുമണിയോടെയാണ് കളമശ്ശേരി, അങ്കമാലി, പെരുമ്പാവൂർ കേന്ദ്രീകരിച്ച് എൻഫോഴ്സ്മെന്റ് സംഘവും ഓഫീസ് സ്‌ക്വാഡും സംയുക്തമായി പരിശോധന നടത്തിയത്.

ഓൾ ഇന്ത്യ പെർമിറ്റ് ഉണ്ടെങ്കിലും സർവീസ് നടത്തുന്ന അതാത് സംസ്ഥാനങ്ങളിലെ റോഡുനികുതി കൃത്യമായി അടയ്ക്കണമെന്ന നിയമം പല വാഹന ഉടമകളും കാറ്റിൽപ്പറത്തുകയാണ്. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.