പയ്യന്നൂർ: വിവാഹമോചനത്തിന് കേസ് കൊടുത്തതിന്റെ വിരോധത്തിൽ ഭാര്യയെ ഭർത്താവ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. കണ്ണൂർ കരിവെള്ളൂർ കുക്കാനത്ത് ഞായറാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
കുക്കാനം സ്വദേശി പ്രജിഷയ്ക്കാണ് (32) ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റത്. മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പ്രജിഷയുടെ അമ്മ പത്മിനിക്കും (58) പൊള്ളലേറ്റു. സംഭവത്തിൽ ഭർത്താവ് സനലിനെതിരെ (35) പയ്യന്നൂർ പോലീസ് വധശ്രമത്തിന് കേസെടുത്തു.
കുടുംബവഴക്കിനെ തുടർന്ന് കുറച്ചുകാലമായി പ്രജിഷയും സനലും വേർപിരിഞ്ഞു കഴിയുകയായിരുന്നു. ഇതിനിടെ പ്രജിഷ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചതാണ് സനലിനെ പ്രകോപിപ്പിച്ചത്. ഞായറാഴ്ച രാത്രി പ്രജിഷയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ സനൽ കൈയിൽ കരുതിയിരുന്ന പെട്രോൾ പ്രജിഷയുടെ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഉടൻ തന്നെ തീയണച്ച് പ്രജിഷയെയും അമ്മയെയും ആശുപത്രിയിലാക്കിയത്. സാരമായി പൊള്ളലേറ്റ ഇരുവരും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആക്രമണത്തിനിടെ സനലിനും നിസ്സാരമായി പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

