ന്യൂഡൽഹി: ഡൽഹിയിലെ ടിക്കിരി കലാനിലുള്ള സിഎൻജി സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് ജീവനക്കാർ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റു. ബാബ ഹരിദാസ് കോളനി നിവാസിയായ മനീഷ് (25) ആണ് മരിച്ചവരിൽ ഒരാളെന്ന് പൊലീസ് തിരിച്ചറിഞ്ഞു. അപകടത്തിൽ മരിച്ച മറ്റ് രണ്ടുപേരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.
ബുധനാഴ്ച വൈകുന്നേരം മൂന്നരയോടെ ടിക്കിരി കലാൻ മെട്രോ സ്റ്റേഷന് സമീപമുള്ള സിഎൻജി പമ്പിലാണ് അപകടമുണ്ടായത്. റിഫില്ലിങ് ട്രക്കിൽ നിന്ന് ഗ്യാസ് മാറ്റുന്നതിനിടെ പെട്ടെന്ന് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തിൽ ട്രക്കിന് സമീപമുണ്ടായിരുന്ന ജീവനക്കാരാണ് മരണപ്പെട്ടത്.
പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. നിറച്ചുകൊണ്ടിരിക്കെ സിലിണ്ടറിനുണ്ടായ സാങ്കേതിക തകരാറോ അമിത സമ്മർദമോ ആകാം അപകടകാരണമെന്നാണ് സംശയിക്കുന്നത്. എന്നാൽ സ്ഫോടനത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

