ചണ്ഡീഗഢ്: ചണ്ഡീഗഢിൽ ഭീകരാക്രമണം നടത്താനുള്ള നീക്കം പൊലീസ് തകർത്തു. വിഘടനവാദി സംഘടനയായ ‘ബബർ ഖൽസ ഇന്റർനാഷണൽ’ (BKI) അംഗങ്ങളായ മൂന്ന് യുവാക്കളെ ചണ്ഡീഗഢ് പൊലീസ് അറസ്റ്റ് ചെയ്തു. ചണ്ഡീഗഢിലെ സെക്ടർ 43-ലുള്ള ഇന്റർ സ്റ്റേറ്റ് ബസ് ടെർമിനലിന് (ISBT) സമീപത്തുനിന്നാണ് പ്രതികൾ പിടിയിലായത്.
ലവ്പ്രീത് സിങ് (19), ജഷൻപ്രീത് സിങ് (21), പ്രഭ്പ്രീത് സിങ് (19) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളുടെ പക്കലുണ്ടായിരുന്ന ടിഫിൻ ബോക്സ് ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഐ.ഇ.ഡി നിർമ്മിക്കാനുപയോഗിക്കുന്ന സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. അഞ്ച് കിലോ ജലാറ്റിൻ സ്റ്റിക്കുകൾ, ഡിറ്റണേറ്റർ എന്നിവയ്ക്ക് പുറമേ ഒരു പിസ്റ്റളും അഞ്ച് വെടിയുണ്ടകളും പൊലീസ് കസ്റ്റഡിയിലെടുത്തു.

