കൂത്തുപറമ്പിൽ 15കാരനെ കാണാനില്ല

1 September 2026
കൂത്തുപറമ്പിൽ 15കാരനെ കാണാനില്ല

കൂത്തുപറമ്പ്: കൂത്തുപറമ്പിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. കൂത്തുപറമ്പ് സ്വദേശിയായ അദ്വൈത് (15) എന്ന കുട്ടിയെയാണ് തിങ്കളാഴ്ച രാവിലെ മുതൽ കാണാതായത്. കൂത്തുപറമ്പ് പാറയിലുള്ള ട്യൂഷൻ സെന്ററിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് കുട്ടി രാവിലെ വീട്ടിൽ നിന്നിറങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു.

സാധാരണയായി ട്യൂഷന് ശേഷം കുട്ടി നേരെ സ്‌കൂളിലേക്ക് പോകുകയാണ് പതിവ്. എന്നാൽ അദ്വൈത് ട്യൂഷൻ സെന്ററിൽ എത്തിയിട്ടില്ലെന്ന് അധ്യാപകർ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

വീട്ടിൽ നിന്ന് പോകുമ്പോൾ സ്‌കൂൾ യൂണിഫോം ധരിച്ചിരുന്ന അദ്വൈത് പിന്നീട് വസ്ത്രം മാറിയതായി പോലീസ് കണ്ടെത്തി. കുട്ടി തലശേരി റെയിൽവേ സ്റ്റേഷനിൽ സാധാരണ വസ്ത്രങ്ങളിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിൽ എത്തിയ അദ്വൈത് പിന്നീട് എങ്ങോട്ടാണ് പോയതെന്ന കാര്യം വ്യക്തമല്ല. സംഭവത്തിൽ പോലീസ് വ്യാപക അന്വേഷണം നടത്തിവരികയാണ്.