സാമ്പാർ കൂടുതൽ നൽകാത്തതിൽ തർക്കം: കണ്ണൂർ സെൻട്രൽ ജയിലിൽ സഹതടവുകാരനെ സ്റ്റീൽ ഗ്ലാസ് കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു

1 September 2026
സാമ്പാർ കൂടുതൽ നൽകാത്തതിൽ തർക്കം: കണ്ണൂർ സെൻട്രൽ ജയിലിൽ സഹതടവുകാരനെ സ്റ്റീൽ ഗ്ലാസ് കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു

കണ്ണൂർ: പ്രഭാതഭക്ഷണത്തിന് കൂടുതൽ സാമ്പാർ നൽകിയില്ലെന്ന നിസ്സാര കാരണത്തെച്ചൊല്ലി കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി. ആക്രമണത്തിൽ അഞ്ചാം ബ്ലോക്കിലെ ശിക്ഷാതടവുകാരനായ അമ്പലവയൽ പോത്തുകെട്ടി സ്വദേശി രാമൻകുട്ടി (56) ക്ക് നെറ്റിയിൽ പരിക്കേറ്റു. ഇതേ ബ്ലോക്കിൽ കഴിയുന്ന കിരൺരാജ് ഷെട്ടി എന്ന തടവുകാരനാണ് ആക്രമണം നടത്തിയത്.

ഞായറാഴ്ച രാവിലെ 6.40-ഓടെയാണ് സംഭവം. രാവിലെ ഭക്ഷണം വിളമ്പുന്ന ചുമതലയുണ്ടായിരുന്ന രാമൻകുട്ടിയോട് കിരൺരാജ് ഷെട്ടി ഇഡ്ഡലിയുടെ കൂടെ കൂടുതൽ സാമ്പാർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ജയിൽ നിയമപ്രകാരം എല്ലാ തടവുകാർക്കും കൃത്യമായ അളവിൽ മാത്രമേ കറി വിളമ്പാൻ അനുവാദമുള്ളൂവെന്ന് രാമൻകുട്ടി വ്യക്തമാക്കി.

ഇതിൽ പ്രകോപിതനായ കിരൺരാജ്, രാമൻകുട്ടിയെ തള്ളിമാറ്റുകയും കയ്യിലുണ്ടായിരുന്ന സ്റ്റീൽ ഗ്ലാസ് ഉപയോഗിച്ച് നെറ്റിയിൽ ശക്തമായി കുത്തുകയുമായിരുന്നു. തലയ്ക്ക് പരിക്കേറ്റ രാമൻകുട്ടിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.