രാഷ്ട്രപതിയുടെ എ.ഡി.സി. മേജർ ഋഷഭ് സിങ് സാംബ്യാൽ വിരമിച്ചു

2 September 2026
രാഷ്ട്രപതിയുടെ എ.ഡി.സി. മേജർ ഋഷഭ് സിങ് സാംബ്യാൽ വിരമിച്ചു

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ മുൻ എ.ഡി.സി.യും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയനുമായ മേജർ ഋഷഭ് സിങ് സാംബ്യാൽ സൈനികസേവനത്തിൽനിന്ന് വിരമിച്ചു. വ്യക്തിപരമായ കുടുംബ ഉത്തരവാദിത്വങ്ങൾ ചൂണ്ടിക്കാട്ടിയാണ് 12 വർഷത്തെ സേവനത്തിനു ശേഷമുള്ള 30-കാരനായ ഋഷഭിന്റെ വിരമിക്കൽ.

ആകർഷകമായ വ്യക്തിത്വവും രാഷ്ട്രപതിയുടെ ഔദ്യോഗിക ചടങ്ങുകളിലെ ഗാംഭീര്യമാർന്ന സാന്നിധ്യവും കൊണ്ട് ചുരുങ്ങിയ കാലം കൊണ്ടാണ് ഋഷഭ് ജനശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയ റീലുകളിലും വീഡിയോകളിലും സജീവമായതോടെ അദ്ദേഹത്തിന് ‘നാഷണൽ ക്രഷ്’ എന്ന വിശേഷണവും നൽകിയിരുന്നു.

ജമ്മു-കശ്മീർ സ്വദേശിയായ ഋഷഭ് 2013-ലാണ് നാഷണൽ ഡിഫൻസ് അക്കാദമിയിൽ (എൻ.ഡി.എ) പ്രവേശിക്കുന്നത്. തുടര്‍ന്ന് സൈന്യത്തിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്ന അദ്ദേഹത്തെ 2023 മാർച്ചിനാണ് രാഷ്ട്രപതിയുടെ എ.ഡി.സി.യായി നിയോഗിച്ചത്.

വിരമിക്കൽ തീരുമാനത്തെ തുടർന്ന് ഓഗസ്റ്റ് 21-ന് രാഷ്ട്രപതി ഭവനിലെത്തി അദ്ദേഹം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ നേരിൽക്കണ്ട് നന്ദിയറിയിച്ചിരുന്നു.