പേരാവൂർ പാമ്പാളിയിൽ മൂന്നുപേർക്ക് വെട്ടേറ്റു: ആക്രമണത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പോലീസ്

3 September 2026
പേരാവൂർ പാമ്പാളിയിൽ മൂന്നുപേർക്ക് വെട്ടേറ്റു: ആക്രമണത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പോലീസ്

പേരാവൂർ: പേരാവൂരിലെ പാമ്പാളിയിൽ മൂന്നുപേർക്ക് വെട്ടേറ്റു. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് ആക്രമണ സംഭവം നടന്നത്. ആക്രമണത്തിൽ കുരിയാടൻ അൻസാർ, പത്തനാടൻ അരുൺ, മേൽമുങ്ങേടി അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ അൻസാറിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരുൺ, അഭിജിത്ത് എന്നിവർ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിന് പിന്നിൽ രാഷ്ട്രീയപരമായ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണം നടന്ന ദിവസം വൈകുന്നേരം പ്രദേശത്തെ ഒരു കല്യാണവീട്ടിൽ വെച്ച് ആളുകൾ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായിരുന്നു. ഈ സംഭവത്തിന് നിലവിലെ ആക്രമണവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിച്ചുവരികയാണ്.