പേരാവൂർ: പേരാവൂർ പാമ്പാളിയിൽ കല്യാണ വീട്ടിലെത്തിയവരെ അയൽവാസിയുടെ നേതൃത്വത്തിൽ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്നുപേരെ പേരാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. പേരാവൂർ സ്വദേശികളായ നിഖിൽ, സനിൽ, പ്രണവ് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞദിവസം രാത്രിയിലുണ്ടായ ആക്രമണത്തിൽ വരന്റെ സുഹൃത്തുക്കളായ കുരിയാടൻ അൻസാർ, പത്തനാടൻ അരുൺ, മേൽമുങ്ങേടി അഭിജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ അൻസാർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റു രണ്ടുപേർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.
കല്യാണവീട്ടിലെത്തിയ യുവാക്കൾ മദ്യപിച്ച് പാട്ട് പാടിയതിനെ അയൽവാസിയായ രാജേഷ് ചോദ്യം ചെയ്തതാണ് തർക്കത്തിന് തുടക്കമിട്ടത്. കല്യാണം നടന്ന വീട്ടുകാരും രാജേഷും തമ്മിൽ നേരത്തെ തന്നെ അതിർത്തി തർക്കം നിലനിന്നിരുന്നു. ഇതും സംഘർഷത്തിന്റെ ആഴം കൂട്ടി. വാക്കുതർക്കം രൂക്ഷമായതോടെ രാജേഷ് തന്റെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി ആക്രമണം നടത്തുകയായിരുന്നു.

