കുതിച്ച് ജിഎസ്എൽവി-എഫ്17; വിക്ഷേപണം വിജയം

4 September 2026
കുതിച്ച് ജിഎസ്എൽവി-എഫ്17; വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട: ഭൗമനിരീക്ഷണ രംഗത്ത് വിപ്ലവകരമായ കുതിച്ചുചാട്ടത്തിന് വഴിതുറന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.). ഐ.എസ്.ആർ.ഒ.യുടെ അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.-05 (EOS-05) വഹിച്ചുകൊണ്ടുള്ള ജി.എസ്.എൽ.വി.-എഫ്17 (GSLV-F17) റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. സതീഷ് ധവാനിലെ രണ്ടാമത്തെ ലോഞ്ച് പാഡിൽനിന്ന് സെപ്റ്റംബർ 4ന് പുലർച്ചെ 2.55-ഓടെയാണ് റോക്കറ്റ് കുതിച്ചുയർന്നത്.

വിക്ഷേപണത്തിന് പിന്നാലെ ഉപഗ്രഹത്തെ ഉദ്ദേശിച്ച സബ് ജിയോ സിങ്ക്രണസ് ട്രാൻസ്ഫർ ഓർബിറ്റിൽ (Sub-GTO) വിജയകരമായി എത്തിച്ചതായി ഐ.എസ്.ആർ.ഒ. സ്ഥിരീകരിച്ചു.

ജി.എസ്.എൽ.വി. വിക്ഷേപണത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ, ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. വി. നാരായണൻ ഈ സാമ്പത്തിക വർഷത്തെ ഐ.എസ്.ആർ.ഒ.യുടെ ആദ്യ വിജയമാണിതെന്ന് വ്യക്തമാക്കി. നടപ്പു വർഷത്തിൽ ആറ് വിക്ഷേപണങ്ങൾ കൂടി നടത്താൻ പദ്ധതിയുണ്ടെന്നും ഗഗൻയാൻ ദൗത്യത്തിനായുള്ള ആളില്ലാ ബഹിരാകാശ പരീക്ഷണങ്ങളുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ചുഴലിക്കാറ്റുകൾ, പ്രളയം, കാട്ടുതീ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ അതിവേഗം മുന്നറിയിപ്പ് നൽകാനും നിരീക്ഷിക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കും. കൂടാതെ, രാജ്യത്തിന്റെ അതിർത്തി സുരക്ഷ ഉറപ്പാക്കുന്നതിനും പരിസ്ഥിതി തത്സമയ നിരീക്ഷണത്തിനും കാർഷിക മേഖലയിലെ പുരോഗതിക്കും ഉപഗ്രഹത്തിൽ നിന്നുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമാകും.