ദില്ലി: ദില്ലി സത്യനികേതനിൽ ആൺകുട്ടികളുടെ പി.ജി ഹോസ്റ്റലായി പ്രവർത്തിച്ചിരുന്ന അഞ്ച് നില കെട്ടിടം തകർന്നു വീണ് ഒരാൾ മരിച്ചു. അപകടത്തിൽ നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം. രക്ഷപ്പെടുത്തിയവരില് ഗുരുതരമായി പരിക്കേറ്റവരെ എയിംസ് ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് 1:30-ഓടെയാണ് സംഭവം. ഭൂകമ്പത്തിന് സമാനമായ വലിയ ശബ്ദത്തോടെയായിരുന്നു ‘ഡെയ്സ് ഹോസ്റ്റൽ’ എന്ന കെട്ടിടം നിലംപൊത്തിയത്. അപകടസമയത്ത് മുപ്പതോളം പേർ കെട്ടിടത്തിലുണ്ടായിരുന്നുവെന്നാണ് കണക്കുകൂട്ടൽ.
നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (NDRF), ഫയർഫോഴ്സ്, ദില്ലി പൊലീസ്, ദില്ലി ദുരന്ത നിവാരണ അതോറിറ്റി (DDMA) എന്നിവയുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. കോൺക്രീറ്റ് പാളികൾ വെട്ടിപ്പൊളിച്ചും മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചുമാണ് ആളുകളെ പുറത്തെടുക്കാൻ ശ്രമിക്കുന്നത്. സുരക്ഷ മുൻനിർത്തി സമീപത്തെ കെട്ടിടങ്ങളും ഒഴിപ്പിച്ചിട്ടുണ്ട്. പ്രദേശം പൂർണ്ണമായും പൊലീസ് വലയത്തിലാണ്.
ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്ത അപകടസ്ഥലം സന്ദർശിക്കുകയും രക്ഷാപ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുകയും ചെയ്തു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഗോവയിലെ പരിപാടികൾ റദ്ദാക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദില്ലിയിൽ തുടരുകയും ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും ചെയ്തു.

