ശിവസൂര്യയെ കാണാതായിട്ട് ഒരു മാസം: സംശയങ്ങൾ ഉയർത്തി അച്ഛൻ

8 September 2026
ശിവസൂര്യയെ കാണാതായിട്ട് ഒരു മാസം: സംശയങ്ങൾ ഉയർത്തി അച്ഛൻ

കണ്ണൂർ: ചൊക്ലിയിൽ നിന്ന് പതിനേഴുകാരനായ ശിവസൂര്യയെ കാണാതായിട്ട് ഒരു മാസം തികയുമ്പോഴും കുട്ടിയെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാതെ പൊലീസ്. അന്വേഷണത്തിന് പുരോഗതിയില്ലാത്ത സാഹചര്യത്തിൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ശിവസൂര്യയുടെ പിതാവ് ജിഗീഷ് ആവശ്യപ്പെട്ടു.

മകന്റെ തിരോധാനത്തിന് പിന്നിൽ മറ്റാരുടെയെങ്കിലും സഹായമുണ്ടോയെന്നും, ആരോ ഒളിവിൽ കഴിയാൻ സഹായിക്കുന്നുണ്ടോയെന്നും സംശയിക്കുന്നതായി അച്ഛൻ പറയുന്നു.

മൊബൈൽ ഫോൺ വീട്ടുകാർ വാങ്ങിവച്ചതിൽ പിണങ്ങി കഴിഞ്ഞ മാസം എട്ടിനാണ് (ഓഗസ്റ്റ് 8) പ്ലസ് ടു വിദ്യാർത്ഥിയായ ശിവസൂര്യ വീടുവിട്ടിറങ്ങിയത്. “കാശിയിലേക്ക് പോകുന്നു, ദൈവത്തിൽ അലിയും” എന്ന് കുറിപ്പ് എഴുതി വെച്ചാണ് കുട്ടി പോയത്.

ശിവസൂര്യയെ തേടി വാരണാസിയിലേക്ക് പോയ കേരള പൊലീസ് സംഘം ഒരാഴ്ചത്തെ പരിശോധനയ്ക്ക് ശേഷം കഴിഞ്ഞ ദിവസം തിരിച്ചെത്തി. യുപി പൊലീസിന്റെയും പ്രാദേശിക മലയാളി അസോസിയേഷന്റെയും സഹായത്തോടെ നൂറിലേറെ സിസിടിവി ക്യാമറകൾ പരിശോധിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, മംഗളൂരു തുടങ്ങി വിവിധ ഭാഗങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

നിലവിൽ തലശ്ശേരി എ എസ് പി ഡോ. എം. നന്ദഗോപന്റെ മേൽനോട്ടത്തിൽ ചൊക്ലി എസ്ഐ ആർ. രാഗേഷിന്റെ നേതൃത്വത്തിലുള്ള എട്ടംഗ പ്രത്യേക അന്വേഷണ സംഘമാണ് (SIT) കേസ് അന്വേഷിക്കുന്നത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും കാണാതായ കുട്ടിയെക്കുറിച്ച് കൃത്യമായ ഒരു തുമ്പും കണ്ടെത്താൻ സാധിക്കാത്തതാണ് കുടുംബത്തെയും നാട്ടുകാരെയും ഒരുപോലെ ആശങ്കയിലാക്കുന്നത്