കൂത്തുപറമ്പ്: മമ്പറം പാതിരിയാട്ടെ ഭർതൃവീട്ടിൽ കിണറ്റിൽ ചാടി കെ. ജ്യോതിഷ (24) ജീവനൊടുക്കിയ സംഭവം കടുത്ത മാനസിക-ശാരീരിക പീഡനം മൂലമാണെന്ന് ബന്ധുക്കൾ ആരോപിച്ചു.
മാങ്ങാട്ടിടം ആമ്പിലാട്ടെ പുതിയപറമ്പത്ത് ശ്രീഹരന്റെ മകളായ ജ്യോതിഷ മാർച്ച് 8-ന് പുലർച്ചെ അഞ്ചു മണിയോടെയാണ് മരിച്ചത്. ഗർഭിണിയായിരുന്ന സമയത്തുപോലും ജ്യോതിഷയെ ഭർത്താവ് മർദിച്ചിരുന്നതായി സഹോദരൻ കെ.ജി. ജിജേഷ് വെളിപ്പെടുത്തി.
വിവാഹ സമയത്ത് 12 പവൻ സ്വർണം നൽകിയിരുന്നെങ്കിലും, അത് കുറഞ്ഞുപോയെന്ന് പറഞ്ഞ് ഭർതൃവീട്ടുകാർ ജ്യോതിഷയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു. സ്ത്രീധനവും കൂടുതൽ സ്വർണവും ആവശ്യപ്പെട്ടായിരുന്നു ഈ ഉപദ്രവം.
സഹോദരൻ ജിജേഷിന്റെ പരാതിയെ തുടർന്ന് പിണറായി പൊലീസ് കേസെടുത്തു. ജ്യോതിഷയുടെ ഭർത്താവ് പാതിരിയാട് കുഴിയിൽപീടിക സ്വദേശി പുതിയപുരയിൽ സജിൽ (37), മാതാവ് ചന്ദ്രി (55), സഹോദരി ജൂന (39) എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

