കണ്ണൂർ: ലോട്ടറി നിയമങ്ങൾ കാറ്റിൽപ്പറത്തി സ്വന്തം വീട് ഒന്നാം സമ്മാനമായി പ്രഖ്യാപിച്ച് കോടികളുടെ കൂപ്പൺ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് അടയ്ക്കാത്തോട് സ്വദേശി കാട്ടുപാലത്ത് ബെന്നി തോമസിനെതിരെ കൂടുതൽ അന്വേഷണം നടത്തണമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കർമസമിതി ജില്ലാ പോലീസ് മേധാവിക്ക് (എസ്.പി) പരാതി നൽകി.
ഭാര്യയുടെ ചികിത്സയ്ക്കും വീടിന്റെ ജപ്തി ഒഴിവാക്കാനുമെന്ന പേരിൽ 1,500 രൂപയുടെ 10,000 ടിക്കറ്റുകൾ വിൽക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ 10,000-ത്തിലധികം കൂപ്പണുകൾ അച്ചടിച്ച് വിറ്റ് മൂന്ന് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായി കർമസമിതി ആരോപിക്കുന്നു. പ്രവാസികളടക്കം നിരവധി പേർ ചതിക്കപ്പെട്ടു.
ഒരുവർഷത്തോളം കൂപ്പൺ വിൽപ്പന നടത്തിയിട്ടും ലോട്ടറി വകുപ്പോ പോലീസോ നടപടിയെടുത്തില്ല. നറുക്കെടുപ്പിന് തൊട്ടുതലേന്ന് പോലീസ് റെയ്ഡ് നടത്തി ബെന്നി തോമസിനെ അറസ്റ്റ് ചെയ്ത നടപടി സംശയാസ്പദമാണ്. സ്വത്ത് കണ്ടുകെട്ടാനോ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനോ തയ്യാറായിട്ടില്ല.
നിലവിൽ 600 പേർ അംഗങ്ങളായ കർമസമിതിയാണ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുള്ളത്. തട്ടിപ്പിനിരയായവരുടെ എണ്ണം ഇതിന്റെ ഇരട്ടിയിലധികമാണ്. കൂടുതൽ തെളിവുകളും പരാതിക്കാരും ഉയർന്നുവന്ന സാഹചര്യത്തിൽ, എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ച് വീടും സ്വത്തുക്കളും കണ്ടുകെട്ടണമെന്നും കേസിൽ പുനരന്വേഷണം നടത്തണമെന്നും കർമസമിതി ആവശ്യപ്പെട്ടു.

