തിരുവനന്തപുരം: മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സ്വന്തം ലൈഫ് ജാക്കറ്റ് ഊരി നൽകി മരണത്തിന് കീഴടങ്ങിയ തിരുവനന്തപുരം കല്ലിയൂർ സ്വദേശി രാജേഷിന്റെ മക്കളുടെ ഭാവി വിദ്യാഭ്യാസം നടൻ മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും ഏറ്റെടുത്തു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ‘കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും’ എംജിഎം ഗ്രൂപ്പും സംയുക്തമായി നടപ്പാക്കുന്ന ‘വിദ്യാമൃതം’ പദ്ധതിയിലൂടെയാണ് കുട്ടികൾക്ക് പൂർണ്ണമായും സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുന്നത്.
കണ്ണൂർ ചെറുപുഴപ്പുഴയിൽ ഉണ്ടായ അപകടത്തിലാണ് 36-കാരനായ രാജേഷ് മരണപ്പെട്ടത്. കുടുംബത്തിന്റെ ഏക അശ്രയമായിരുന്ന രാജേഷിന്റെ വേർപാടോടെ കടുത്ത പ്രതിസന്ധിയിലായ കുടുംബത്തെ മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സന്ദർശിച്ചിരുന്നു.
തുടർന്ന് അദ്ദേഹം എംജിഎം ഗ്രൂപ്പ് ചെയർമാൻ ഗീവർഗീസ് യോഹന്നാനുമായി സംസാരിക്കുകയും, വിഷയം മമ്മൂട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് മമ്മൂട്ടിയുടെ നിർദ്ദേശപ്രകാരം കുട്ടികളുടെ പഠനം ഏറ്റെടുക്കാൻ തീരുമാനിക്കുകയുമായിരുന്നു.
കിളിമാനൂർ എംജിഎം ടെക്നോളജിക്കൽ ക്യാമ്പസിൽ വെച്ച് നടന്ന ‘ജീവാമൃതം’ രക്തദാന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ വെച്ചാണ് രമേശ് ചെന്നിത്തല ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്.

