തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിലെ വിളവൂർക്കലിൽ ഒരു വയസ്സും രണ്ട് മാസവും പ്രായമുള്ള ഇവാനി (അന്ന) എന്ന പെൺകുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മ ക്രിസ്റ്റിയെ മലയിൻകീഴ് പോലീസ് കസ്റ്റഡിയിലെടുത്തു.
ഒറ്റയിൽ ആശുപത്രിക്ക് സമീപം വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടൻ തന്നെ വിളവൂർക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും, അവസ്ഥ വഷളായതിനെ തുടർന്ന് 5:10-ഓടെ 108 ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ആറുമണിയോടെ കുഞ്ഞിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
കുടുംബവഴക്കാണ് ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന. സംഭവത്തിൽ മലയിൻകീഴ് പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമ്മയ്ക്ക് എന്തെങ്കിലും തരത്തിലുള്ള മാനസിക അസ്വസ്ഥതകൾ ഉണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ചു വരികയാണ്.

