ബസ് കാത്തുനിന്നവർക്കിടയിലേക്ക് കാർ കയറി അപകടം: ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

13 September 2026
ബസ് കാത്തുനിന്നവർക്കിടയിലേക്ക് കാർ കയറി അപകടം: ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

പാലക്കാട്: വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയിൽ വാണിയംപാറയിൽ ബസ് കാത്തുനിൽക്കുകയായിരുന്ന യാത്രക്കാർക്കിടയിലേക്ക് കാർ ഇടിച്ചുകയറി ദാരുണാപകടം. അപകടത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വാണിയംപാറ പൊട്ടിമട സ്വദേശി അബ്ദുൽ റസാക്ക് ആണ് മരിച്ചത്.

റസാക്കിൻ്റെ ഭാര്യ ഷക്കീല, വാണിയംപാറ സ്വദേശികളായ പ്രദീപ്, മണികണ്ഠൻ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 6:00 മണിയോടെയായിരുന്നു സംഭവം.

തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ ബസ് കാത്തുനിന്നവർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടം നടന്നയുടൻ നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അബ്ദുൽ റസാക്കിന്റെ ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ വടക്കഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടമുണ്ടാക്കിയ കാറും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.