കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും. വൈകിട്ട് കോഴിക്കോട്ടെത്തുന്ന അദ്ദേഹം സമസ്ത എ.പി. വിഭാഗം നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തും. സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടിക്കാഴ്ച നടക്കാനിരിക്കെ, സ്ത്രീകൾ വീട്ടിലിരിക്കണമെന്ന കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ അഭിപ്രായത്തോട് തനിക്ക് യോജിപ്പില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി. കാന്തപുരം പരമ്പരാഗത ധാരയിലുള്ള പണ്ഡിതനാണെന്നും പല വിഷയങ്ങളിലും അദ്ദേഹത്തിന്റെ നിലപാടുകളോട് യോജിപ്പുണ്ടെങ്കിലും സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തവുമായി ബന്ധപ്പെട്ട കാഴ്ചപ്പാടിനോട് യോജിക്കാനാകില്ലെന്നും അൻവർ ഇബ്രാഹിം പറഞ്ഞു.
വൈകിട്ട് അഞ്ച് മണി മുതൽ വൈദ്യരങ്ങാടി മുതൽ മലാപ്പറമ്പ് വരെയും മലാപ്പറമ്പ് മുതൽ കുന്നമംഗലം–മടവൂർ വരെയുമുള്ള റോഡുകളിൽ പൂർണ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് നഗരത്തിലേക്ക് എത്തുന്ന വാഹനങ്ങൾ താമരശ്ശേരി, ബാലുശ്ശേരി, നന്മണ്ട വഴിയുള്ള പാത ഉപയോഗിക്കേണ്ടതാണ്. മലാപ്പറമ്പ് മുതൽ കുന്നമംഗലം–മടവൂർ വരെയുള്ള റോഡുകളിൽ വാഹന പാർക്കിങ് പൂർണമായും നിരോധിച്ചിട്ടുണ്ട്.

