മാനന്തവാടിയിൽ 19-കാരിയുടെ മരണം: ദുരൂഹത നീക്കണമെന്ന് നാട്ടുകാർ; പോസ്റ്റ്‌മോർട്ടത്തിൽ ആന്തരിക രക്തസ്രാവം

14 September 2026
മാനന്തവാടിയിൽ 19-കാരിയുടെ മരണം: ദുരൂഹത നീക്കണമെന്ന് നാട്ടുകാർ; പോസ്റ്റ്‌മോർട്ടത്തിൽ ആന്തരിക രക്തസ്രാവം

വയനാട്: മാനന്തവാടി പേരിയ ആലാറ്റിൽ മോനിച്ചൻ കുന്ന് ഊരിലെ പത്തൊമ്പതുകാരി അലീനയെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ. വെള്ളിയാഴ്ച രാവിലെയോടെയാണ് അലീനയെ സ്വന്തം വീടിന് ഒരു കിലോമീറ്റർ അകലെയുള്ള പിതാവിന്റെ സഹോദരിയുടെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസിന്റെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. ഇതോടെ പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹത ശക്തമായി.

മരണത്തിന് തലേദിവസം പെൺകുട്ടി ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങിയോടിയിരുന്നു. കുടുംബാംഗങ്ങൾ അലീനയെ ഉപദ്രവിച്ചിരുന്നതായി സംശയമുണ്ടെന്ന് അയൽവാസികൾ ആരോപിക്കുന്നു.

കുടുംബത്തിന്റെ മൊഴിപ്രകാരം, പെൺകുട്ടിക്ക് കഴിഞ്ഞ കുറച്ചുദിവസങ്ങളായി കടുത്ത മാനസിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു. വീട്ടിൽ നിന്ന് ഉച്ചത്തിൽ നിലവിളിച്ച് ഇറങ്ങി ഓടുന്നത് ഉൾപ്പെടെയുള്ള അസ്വാഭാവിക പെരുമാറ്റങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് കുട്ടിയെ മുറിയിൽ പൂട്ടിയിട്ടതെന്ന് കുടുംബം പോലീസിനോട് പറഞ്ഞു. തുടർന്ന് രാവിലെ വാതിൽ തുറന്നു നോക്കിയപ്പോൾ ബോധരഹിതയായ നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

കുടുംബത്തിന്റെ മൊഴി പോലീസ് പൂർണ്ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.