ഒരു കിലോ എംഡിഎംഎയ്ക്ക് പിന്നാലെ പോലീസ്, ചെന്നെത്തിയത് ഡൽഹിയിലെ മുറിയിൽ; നഴ്‌സിങ് വിദ്യാർത്ഥിനിയും കൂട്ടാളിയും കുടുങ്ങി

14 September 2026
ഒരു കിലോ എംഡിഎംഎയ്ക്ക് പിന്നാലെ പോലീസ്, ചെന്നെത്തിയത് ഡൽഹിയിലെ മുറിയിൽ; നഴ്‌സിങ് വിദ്യാർത്ഥിനിയും കൂട്ടാളിയും കുടുങ്ങി

കോഴിക്കോട്: പന്തീരാങ്കാവിൽ മൂന്നുമാസം മുൻപ് ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിൽ നഴ്‌സിങ് വിദ്യാർത്ഥിനി ഉൾപ്പെടെ രണ്ടുപേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ ചോക്കാട് സ്വദേശി അജ്മൽ (32), തിരുവനന്തപുരം മലയിൻകീഴ് സ്വദേശി സൂര്യ (23) എന്നിവരെയാണ് പന്തീരാങ്കാവ് പോലീസ് ഡൽഹിയിൽ നിന്നു കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഏഴായി.

നേരത്തെ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരി വിതരണ ശൃംഖലയിലെ ഇവരുടെ പങ്കിനെക്കുറിച്ച് സൂചന ലഭിച്ചത്. ഡൽഹിയിൽ ഒരുമിച്ച് താമസിച്ച് വരികയായിരുന്ന ഇരുവരും, വൻകിട ലഹരി സംഘങ്ങൾ എത്തിച്ചുനൽകുന്ന എംഡിഎംഎ ചെറിയ പാക്കറ്റുകളിലാക്കി ആവശ്യക്കാർക്ക് എത്തിച്ചുനൽകുന്ന ഇടനിലക്കാരായി പ്രവർത്തിക്കുകയായിരുന്നു.

ഡൽഹിയിലെ മുറിയിൽ നിന്ന് പ്രതികളെ കസ്റ്റഡിയിലെടുക്കുമ്പോൾ ഇലക്ട്രോണിക് ത്രാസ്, പ്ലാസ്റ്റിക് കവറുകൾ, മൊബൈൽ ഫോണുകൾ, പാൻ കാർഡുകൾ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

മുൻപ് പിടിയിലായവരുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ ഡൽഹിയിലുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചത്. തുടർന്ന് ഡൽഹിയിലെത്തി കസ്റ്റഡിയിലെടുത്ത ഇരുവരെയും പന്തീരാങ്കാവ് സ്റ്റേഷനിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.