ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന: പഴകിയ ഭക്ഷണം പിടിച്ചെടുത്തു; 2 സ്ഥാപനങ്ങൾക്ക് നോട്ടീസും പിഴയും; ശുചിത്വ പരിശോധന കർശനമാക്കി പായം പഞ്ചായത്തിലെ ആരോഗ്യവകുപ്പ്

15 September 2026
ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന: പഴകിയ ഭക്ഷണം പിടിച്ചെടുത്തു; 2 സ്ഥാപനങ്ങൾക്ക് നോട്ടീസും പിഴയും; ശുചിത്വ പരിശോധന കർശനമാക്കി പായം പഞ്ചായത്തിലെ ആരോഗ്യവകുപ്പ്

പായം: ‘ഹെൽത്തി കേരള’ പ്രോഗ്രാമിന്റെ ഭാഗമായി പായം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ ആരോഗ്യവകുപ്പും പായം പഞ്ചായത്തും സംയുക്തമായി വ്യാപക പരിശോധന നടത്തി.

പഞ്ചായത്തിലെ ഹോട്ടലുകൾ, കൂൾബാറുകൾ, തട്ടുകടകൾ, ബേക്കറികൾ, ചിക്കൻ-മീറ്റ് സ്റ്റാളുകൾ, തൊഴിൽ സ്ഥാപനങ്ങൾ (വർക്ക് സൈറ്റുകൾ) എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

പരിശോധനയിൽ ശുചിത്വത്തിലും മാലിന്യ സംസ്കരണത്തിലും വീഴ്ച വരുത്തിയ 2 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു. സ്ഥാപനങ്ങളിൽ നിന്ന് പഴകിയ അൽഫാം, ചിക്കൻ ചില്ലി, ബീഫ് ഫ്രൈ, മട്ടൻ, മത്സ്യക്കറി, പഴകിയ എണ്ണ എന്നിവ കണ്ടെത്തി നശിപ്പിച്ചു.

നിർദേശങ്ങൾ:

ശുചിത്വം: അടുക്കള, സ്റ്റോർ റൂം, പരിസരം എന്നിവ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. വാഷിംഗ് ഏരിയകളിൽ സോപ്പും ഹാൻഡ് വാഷും നിർബന്ധമായും ഉണ്ടായിരിക്കണം.

ഉപകരണങ്ങളും ജീവനക്കാരും: പാചകത്തിന് കാലപ്പഴക്കം ചെന്ന പാത്രങ്ങൾ ഉപയോഗിക്കരുത്. പാചക തൊഴിലാളികൾക്ക് ഹെൽത്ത് കാർഡും സ്ഥാപനത്തിന് നിയമാനുസൃത ലൈസൻസും ഉണ്ടായിരിക്കണം.

കുടിവെള്ള പരിശോധന: മേഖലയിൽ മഞ്ഞപ്പിത്തം അടക്കമുള്ള ജലജന്യ രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ കുടിവെള്ള സുരക്ഷ ഉറപ്പാക്കണം. എല്ലാ സ്ഥാപനങ്ങളും 6 മാസത്തിലൊരിക്കലെങ്കിലും വെള്ളം പരിശോധിക്കണം. ഇതിന്റെ റിസൽട്ട് പൊതുജനങ്ങൾക്ക് കാണുന്ന തരത്തിൽ പ്രദർശിപ്പിക്കണം.

തണുത്ത പാനീയങ്ങൾക്ക് നിർദേശം: ജ്യൂസ്, ഷേക്ക്, കരിമ്പിൻ ജ്യൂസ് തുടങ്ങിയ പാനീയങ്ങൾ നിർമ്മിക്കാൻ UV ഫിൽട്ടർ ചെയ്തതോ തിളപ്പിച്ചാറിയതോ ആയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ. കുടിവെള്ളം അണുവിമുക്തമാക്കാൻ കൃത്യമായ ഇടവേളകളിൽ ക്ലോറിനേഷൻ നടത്തണം.

ഹെൽത്ത് ഇൻസ്‌പെക്ടർ ബിനോജ് സി. കുറ്റിയാനി, ജെ.എച്ച്.ഐമാരായ അനിൽകുമാർ, സിജു കെ., ജിതിൻ ജോർജ്, സന്ദീപ് സുധാകരൻ, പഞ്ചായത്ത് എച്ച്.ഐ റീജ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. സ്ഥാപനങ്ങൾ ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ വരും ദിവസങ്ങളിലും കർശന നടപടി തുടരുമെന്ന് അധികൃതർ അറിയിച്ചു.