ന്യൂഡൽഹി: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിച്ചു. അപ്പലേറ്റ് ട്രിബ്യൂണൽ വിധിക്കെതിരായ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് കേരളം ഹർജിയിൽ ആവശ്യപ്പെട്ടു.
കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിച്ചിരുന്ന കരാറുകൾ റദ്ദാക്കപ്പെട്ടതോടെ ഉയർന്ന നിരക്കിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വന്നത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയും കടുത്ത വൈദ്യുതി ക്ഷാമവുമാണ് സൃഷ്ടിച്ചതെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.
കരാറുകൾ തടസ്സപ്പെട്ടതിനെ തുടർന്ന് ഇതുവരെ 12,570 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി സംസ്ഥാനം വ്യക്തമാക്കി. 2024–25 സാമ്പത്തിക വർഷത്തിൽ മാത്രം 748.20 കോടി രൂപയുടെ അധിക സാമ്പത്തിക ഭാരമാണ് നേരിട്ടത്.
2014-ൽ ജാബുവ പവർ, ജിൻഡൽ പവർ, ജിൻഡൽ ഇന്ത്യ തെർമൽ പവർ എന്നീ കമ്പനികളുമായി യൂണിറ്റിന് 4.29 രൂപ നിരക്കിൽ 25 വർഷത്തേക്ക് 472 മെഗാവാട്ട് വൈദ്യുതി വാങ്ങാനായിരുന്നു കരാറുണ്ടാക്കിയത്.
2016 മുതൽ വൈദ്യുതി വിതരണം നടന്നിരുന്നെങ്കിലും നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി 2023 മേയിൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ കരാറുകൾ തടഞ്ഞു. പിന്നീട് സർക്കാർ ഇടപെടലിൽ കമ്മിഷൻ തീരുമാനം തിരുത്തിയെങ്കിലും സ്വകാര്യ കമ്പനികൾ അപ്പലേറ്റ് ട്രിബ്യൂണലിനെ (APTEL) സമീപിച്ച് അനുകൂല വിധി നേടി.

