തിരുവനന്തപുരം: അങ്കണവാടികളിലെ ആദ്യകാല ശിശുപരിചരണവും വിദ്യാഭ്യാസവും പൂർത്തിയാക്കി സ്കൂളുകളിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്കായി ഇനിമുതൽ ഏകീകൃത ‘വിദ്യാരംഭം’ സർട്ടിഫിക്കറ്റുകൾ നൽകും. കേന്ദ്ര വനിത-ശിശു വികസന മന്ത്രാലയത്തിന്റെ നിർദേശപ്രകാരം സംസ്ഥാനത്ത് ഇതിനായുള്ള നടപടികൾ വനിതാ-ശിശു വികസന വകുപ്പ് ആരംഭിച്ചു. സർട്ടിഫിക്കറ്റിന്റെ ഔദ്യോഗിക രൂപരേഖയും വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.
നേരത്തെ ചില അങ്കണവാടികളിൽ സ്വന്തം നിലയിൽ സർട്ടിഫിക്കറ്റുകൾ നൽകിയിരുന്നെങ്കിലും അവയ്ക്ക് കൃത്യമായ ഏകീകൃത സ്വഭാവം ഉണ്ടായിരുന്നില്ല. ഈ പോരായ്മ പരിഹരിക്കുന്നതിനൊപ്പം, കുട്ടികളുടെ ആദ്യകാല ശിശുപരിചരണവും പ്രീ-സ്കൂൾ വിദ്യാഭ്യാസവും ഔദ്യോഗികമായി അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
എല്ലാ സർട്ടിഫിക്കറ്റിലും പത്തക്കമുള്ള പ്രത്യേക രജിസ്റ്റർ നമ്പർ ഉണ്ടായിരിക്കും. അങ്കണവാടിയുടെ വിവരങ്ങൾ, വിദ്യാഭ്യാസം പൂർത്തിയാക്കിയ വർഷം, കുട്ടിയുടെ തിരിച്ചറിയൽ നമ്പർ എന്നിവ ചേർത്താണ് ഈ രജിസ്റ്റർ നമ്പർ തയ്യാറാക്കുന്നത്.
കുട്ടിയുടെ പേര്, രക്ഷിതാവിന്റെ പേര്, ജനനവർഷം, അങ്കണവാടിയിൽ പ്രവേശനം നേടിയ തീയതി, വിദ്യാഭ്യാസം പൂർത്തിയാക്കിയ തീയതി, അങ്കണവാടിയുടെ പേര്, പഞ്ചായത്ത്, ജില്ല എന്നീ വിവരങ്ങൾ ഇതിൽ ഉൾപ്പെടും.
അങ്കണവാടിയിലെ നിശ്ചിത കാലാവധി പൂർത്തിയാക്കാത്ത കുട്ടികൾക്ക് ഈ സർട്ടിഫിക്കറ്റിന് അർഹതയുണ്ടായിരിക്കില്ല.

