കോഴിക്കോട്: കെഎസ്ഇബിയുടെ ജീപ്പിൽ കൊണ്ടുപോകുകയായിരുന്ന തോട്ടി തട്ടി കാൽനടയാത്രക്കാരിയായ വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വടകര മണിയൂർ ഹൈസ്കൂളിന് സമീപം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. ചെല്ലട്ട് പൊയിൽ കാളാം പുതുക്കുടി ജാനകി (75) യ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്.
മരച്ചില്ലകൾ വെട്ടിമാറ്റുന്നതിനായി കെഎസ്ഇബി അധികൃതർ ജീപ്പിൽ കൊണ്ടുപോവുകയായിരുന്ന തോട്ടിയാണ് റോഡരികിലൂടെ നടന്നുപോകുകയായിരുന്ന ജാനകിയുടെ ദേഹത്ത് തട്ടിയത്. ജാനകിയുടെ വയറിനും കൈയ്ക്കും ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. അപകടം നടന്ന ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

