തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന വ്യാജ പ്രചാരണത്തിലും ആരോപണത്തിലും പോലീസ് കേസെടുത്തു. റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പൊതുസമൂഹത്തിൽ മുഖ്യമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചതിനാണ് നടപടി.
ആന്റോ അഗസ്റ്റിൻ നടത്തിയ വിവാദ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. ആന്റോ അഗസ്റ്റിനും മറ്റു രണ്ടുപേരും ചേർന്ന് ഗൂഢാലോചന നടത്തുകയും അറിഞ്ഞുകൊണ്ട് വ്യാജരേഖകൾ സൂക്ഷിക്കുകയും ചെയ്തതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. കെ.പി.സി.സി വക്താവ് രാജു പി. നായർ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്യാൻ ഡി.ജി.പി നിർദേശം നൽകിയത്.
കോടികളുടെ വിലവരുന്ന വിവാഹ രേഖകളുമായി രണ്ട് യുവാക്കൾ തന്നെ സമീപിച്ചുവെന്നും ബൈന്തൂർ സബ് രജിസ്ട്രാർ ഓഫീസിൽ ഇതേക്കുറിച്ച് അന്വേഷണം നടത്തിയെന്നുമായിരുന്നു പൊതുചടങ്ങിൽ ആന്റോ അഗസ്റ്റിന്റെ വെളിപ്പെടുത്തൽ. ഈ രേഖകൾ തന്റെ കൈവശമുണ്ടെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. കേസിൽ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വ്യാജരേഖ നിർമിച്ചവരെ കണ്ടെത്തണമെന്നും രേഖകൾ പിടിച്ചെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

