പാലാരിവട്ടത്ത് ഇതരസംസ്ഥാനക്കാരുടെ വീട്ടിൽ 6 ലക്ഷം രൂപയുടെ കവർച്ച

18 September 2026
പാലാരിവട്ടത്ത് ഇതരസംസ്ഥാനക്കാരുടെ വീട്ടിൽ 6 ലക്ഷം രൂപയുടെ കവർച്ച

കൊച്ചി: പാലാരിവട്ടം സംസ്കാര ജങ്ഷനുസമീപമുള്ള വാടകവീട്ടിൽ അതിക്രമിച്ചുകയറി ഇതരസംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി വൻ കവർച്ച. വ്യാഴാഴ്ച പുലർച്ചെയോടെയാണ് അഞ്ചുപേരടങ്ങുന്ന സംഘം കവർച്ച നടത്തിയത്. പണവും മൊബൈൽ ഫോണുകളും സ്വർണാഭരണങ്ങളും ഉൾപ്പെടെ 6.05 ലക്ഷം രൂപയുടെ കവർച്ചയാണ് നടന്നത്. കവർച്ചയ്ക്കിടെ അക്രമികൾ സ്ത്രീകളെ വിവസ്ത്രരാക്കിയതായും പരാതിയുണ്ട്.

നഗരത്തിലെ വിവിധ ഹോട്ടലുകളിൽ ജോലി ചെയ്യുന്ന അസം, ബംഗാൾ സ്വദേശികളായ ഏഴ് പേരാണ് ഈ വാടകവീട്ടിൽ കഴിഞ്ഞിരുന്നത്. ഇതിൽ മൂന്ന് പേർ സ്ത്രീകളാണ്. പുലർച്ചെ മാരകായുധങ്ങളുമായി വീട്ടിലേക്ക് അതിക്രമിച്ചുകയറിയ സംഘം കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും ക്രൂരമായി ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു.

തൊഴിലാളികളിൽ നിന്ന് കൈവശമുണ്ടായിരുന്ന പണവും വിലപിടിപ്പുള്ള വസ്തുക്കളും കവർന്ന ശേഷമാണ് സംഘം കടന്നുകളഞ്ഞത്. സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അക്രമികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.