കൊട്ടിയൂർ ആയില്യാർ കാവിലെ മരങ്ങൾ മുറിച്ചു മാറ്റിയതിനെതിരെ പ്രതിഷേധം; ആചാരലംഘനമെന്ന് അടിയന്തിരക്കാർ

18 September 2026
കൊട്ടിയൂർ ആയില്യാർ കാവിലെ മരങ്ങൾ മുറിച്ചു മാറ്റിയതിനെതിരെ പ്രതിഷേധം; ആചാരലംഘനമെന്ന് അടിയന്തിരക്കാർ

കൊട്ടിയൂർ: ആയില്യാർ കാവിലെ മരങ്ങൾ ആരോപിച്ചു മാറ്റിയതിനെതിരെ ക്ഷേത്ര അടിയന്തിരക്കാർ ശക്തമായ പരാതിയുമായി രംഗത്തെത്തി. വൈശാഖ മഹോത്സവകാലത്ത് ‘പ്രക്കൂഴം’, ‘നീരെഴുന്നള്ളത്ത്’ എന്നീ രണ്ട് ദിവസങ്ങളിൽ മാത്രമാണ് ഈ കാവിലേക്ക് ആളുകൾക്ക് പ്രവേശനം അനുവാദമുള്ളൂ.

വർഷത്തിൽ രണ്ട് തവണ മാത്രം മനുഷ്യസ്പർശമേൽക്കുന്ന കാവിൽ കയറി മരം മുറിച്ചത് അംഗീകരിക്കാനാകില്ലെന്ന് ജന്മശാന്തി പടിഞ്ഞിറ്റ രാമചന്ദ്രൻ നമ്പൂതിരി പറഞ്ഞു.

ഗൂഢപൂജകൾ നടക്കുന്ന കാവിലെ മരങ്ങൾ കൂട്ടത്തോടെ മുറിച്ചതിനാൽ നിഗൂഢ ചടങ്ങുകൾ നടത്താൻ സാധിക്കാത്ത സ്ഥിതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദൈവഹിതം പോലും നോക്കാതെയുള്ള ഈ പ്രവർത്തിക്ക് തക്കതായ പ്രായശ്ചിത്തം ചെയ്യണമെന്നും, ഇനി ഇത്തരം ആചാരലംഘനങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും സമുദായ ഭട്ടത്തിരിപ്പാട് കാലടി കൃഷ്ണ മുരളി ആവശ്യപ്പെട്ടു.

എന്നാൽ, അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ മാത്രമാണ് നീക്കിയതെന്ന് ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ വ്യക്തമാക്കി. ആയില്യാർ കാവിൽ ചടങ്ങുകൾ നടക്കുന്ന പ്രദേശത്ത് ആരും പ്രവേശിച്ചിട്ടില്ലെന്നും, കാവിന്റെ അതിരിൽ ക്ഷേത്രത്തോട് ചേർന്ന് ഭീഷണിയായ മരങ്ങളാണ് മുറിച്ചതെന്നും ദേവസ്വം അധികൃതർ അറിയിച്ചു.