സ്മാർട്ട് പിഡിഎസ്: റേഷൻ വാങ്ങാത്ത ആറ് ലക്ഷത്തിലേറെ കാർഡുകൾ റദ്ദാകാൻ സാധ്യത

18 September 2026
സ്മാർട്ട് പിഡിഎസ്: റേഷൻ വാങ്ങാത്ത ആറ് ലക്ഷത്തിലേറെ കാർഡുകൾ റദ്ദാകാൻ സാധ്യത

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ സ്മാർട്ട് പിഡിഎസ് (SMART PDS) പദ്ധതി അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്ത് ആറ് ലക്ഷത്തിലേറെ റേഷൻ കാർഡുകൾ റദ്ദാകാൻ സാധ്യത. തുടർച്ചയായി ആറു മാസത്തിലേറെയായി റേഷൻ വിഹിതം കൈപ്പറ്റാത്ത കാർഡുകളാണ് മരവിപ്പിക്കാൻ ഒരുങ്ങുന്നത്. ഈ കാർഡുകളിൽ 16 ലക്ഷത്തിലേറെ ഗുണഭോക്താക്കളാണുള്ളത്.

സ്മാർട്ട് പിഡിഎസ് നടപ്പാക്കുന്നതിനായി 2024-ലാണ് കേരളം ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. കാർഡ് ഉടമകളുടെ വിവരങ്ങൾ കേന്ദ്രീകൃതമായി സൂക്ഷിക്കുകയും റേഷൻ വിതരണം ഡിജിറ്റലായി കേന്ദ്രം നേരിട്ട് നിരീക്ഷിക്കുകയും ചെയ്യുന്നതാണ് പുതിയ രീതി.

റേഷൻ വാങ്ങാത്ത കാർഡുകൾ ആദ്യഘട്ടത്തിൽ താത്കാലികമായി മരവിപ്പിക്കും. തുടർന്ന് മൂന്ന് മാസത്തിനകം കാർഡിലെ മുഴുവൻ അംഗങ്ങളും ഇ-കെവൈസി (e-KYC) പൂർത്തിയാക്കിയാൽ മാത്രമേ റേഷൻ വിതരണം പുനരാരംഭിക്കുകയുള്ളൂ.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ഒരേ വ്യക്തിക്ക് ഒന്നിലധികം റേഷൻ കാർഡുകളിൽ പേരെയുണ്ടോ എന്ന് കേന്ദ്രീകൃത സംവിധാനത്തിലൂടെ പരിശോധിക്കും. ഇത്തരത്തിലുള്ളവരുടെ കാർഡുകളും മരവിപ്പിക്കും. ഒന്നിലധികം കാർഡുകളിൽ ഉൾപ്പെട്ടവർ മൂന്ന് മാസത്തിനകം ഇ-കെവൈസി പൂർത്തിയാക്കി, തങ്ങൾക്ക് ആവശ്യമായ ഒരു കാർഡിൽ മാത്രം പേര് നിലനിർത്തി മറ്റുള്ളവയിൽ നിന്ന് ഒഴിവാക്കേണ്ടതാണ്.